ന്യൂഡൽഹി: കേന്ദ്രസർക്കാരിന് വലിയ ആശ്വാസം സമ്മാനിച്ച് കറന്റ് അക്കൗണ്ട് കമ്മി നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പിയുടെ രണ്ടു ശതമാനമായി കുറഞ്ഞു. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 2.3 ശതമാനമായിരുന്നു. 1,580 കോടി ഡോളറിൽ നിന്ന് 1,430 കോടി ഡോളറിലേക്കാണ് കമ്മി താഴ്‌ന്നത്. ഇന്ത്യയുടെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി.
ഏപ്രിൽ-ജൂണിൽ സ്വർണം ഇറക്കുമതി 840 കോടി ഡോളറിൽ നിന്ന് 35.6 ശതമാനം വർദ്ധിച്ച് 1,140 കോടി ഡോളറിൽ എത്തിയെങ്കിലും കറന്റ് അക്കൗണ്ട് കമ്മി കുറയുകയാണുണ്ടായത്. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ഇക്കാലയളവിൽ 960 കോടി ഡോളറിൽ നിന്ന് 1,390 കോടി ഡോളറിലേക്കും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം (എഫ്.പി.ഐ) 810 കോടി ഡോളറിന്റെ നഷ്‌ടത്തിൽ നിന്ന് 480 കോടി ഡോളറിന്റെ ലാഭത്തിലേക്കും ഉയർന്നതാണ് നേട്ടമായത്.
കടപ്പത്രം: സർക്കാർ
₹2.68 ലക്ഷം കോടി
സമാഹരിക്കും
കടപ്പത്രങ്ങളിലൂടെ ആഭ്യന്തര വിപണിയിൽ നിന്ന് കേന്ദ്രസർക്കാർ നടപ്പുവർഷം 2.68 ലക്ഷം കോടി രൂപ കൂടി സമാഹരിക്കും. നടപ്പുവർഷം 7.10 ലക്ഷം കോടി രൂപയുടെ പൊതുകടമാണ് ബഡ്‌ജറ്റിൽ സർക്കാർ വിലയിരുത്തിയിട്ടുള്ളത്. ഇതിന്റെ 62.5 ശതമാനം (4.42 ലക്ഷം കോടി രൂപ) ഏപ്രിൽ-സെപ്‌തംബറിൽ തന്നെ എടുത്തുകഴിഞ്ഞു.