കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കെ.എസ്.ഇ.ബി ജീവനക്കാരിൽ നിന്ന് പിരിച്ച പണം കെെമാറിയിട്ടില്ലെന്ന വി.ടി ബൽറാം എം.എൽ.എയുടെ ആരോപണത്തിന് മറുപടിയായി വൈദ്യുത മന്ത്രി എം.എം മണി രംഗത്ത്. കെ.എസ്.ഇ.ബിയിലെ സാലറി ചലഞ്ചിന്റെ 131.26 കോടി രൂപ ഒന്നര മാസത്തോളമായിട്ടും ക്രഡിറ്റ് ആയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അരങ്ങേറുന്നത് തട്ടിപ്പാണെന്നുമാണ് എം.എൽ.എ ആരോപിച്ചത്.
ഇതിന് മറുപടിയായി ആഗസ്റ്റ് 20ന് നൽകിയ ചെക്ക് ആഗസ്റ്റ് 22ന് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചുവെന്ന് മന്ത്രി പറയുന്നു.കെ.എസ്.ഇ.ബിയുടെ സാലറിയും പെൻഷനും എസ്.ബി.ഐ മുഖേനയാണെന്നും ട്രഷറി മുഖേന വന്ന കണക്കാണ് എം.എൽ.എ എടുത്ത് കാണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബലരാമൻ വെറും 'ബാലരാമൻ' ആവരുതെന്നും വിവരക്കേട് അധികമാളുകൾ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ എന്നും മന്ത്രി പരിഹസിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"ചാടിക്കളിക്കെടാ കൊച്ചുരാമാ" ........
നേതാക്കൾ ബലരാമനോട്.
പാവം ബലരാമൻ........
കേട്ടപാതി കേൾക്കാത്തപാതി
കാര്യമറിയാതെ ചാടി.
ഒരു MLA യുടെ വിവരക്കേട് അധികമാളുകൾ കാണും മുമ്പ് പോസ്റ്റ് മുക്കി കണ്ടം വഴി ഓടിക്കോ.
CMDRF - ലേക്ക് ഓഗസ്റ്റ് 20 നു കൊടുത്ത ചെക്ക് ഓഗസ്റ്റ് 22 നു തന്നെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
KSEB യുടെ സാലറിയും പെൻഷനും
SBI മുഖേനയാണ്.
ബലരാമൻ ഇട്ട പോസ്റ്റിലെ സ്ക്രീൻഷോട്ട് തന്നെ ഒന്ന് മനസ്സിരുത്തി വായിച്ചേ ബലരാമാ.
അത് ട്രഷറി മുഖേന വന്ന തുകയുടെ കണക്കാണെന്ന് മനസ്സിലാവുന്നുണ്ടോ?
ബലരാമൻ വെറും 'ബാലരാമൻ' ആവരുത്.