റിയാദ് : ഇറാനെതിരെ ശക്തമായ നടപടിയെടുക്കാൻ ലോകരാജ്യങ്ങൾ തയ്യാറായില്ലെങ്കിൽ എണ്ണവില ചിന്തിക്കാനാവാത്ത തരത്തിൽ കുതിച്ചുയരുമെന്ന് സൗദിയുടെ മുന്നറിയിപ്പ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് സി.ബി.എസ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇനിയൊരു സംഘർഷം ഉണ്ടായാൽ അത് ലോക താത്പര്യങ്ങളെ ബാധിക്കും. എണ്ണ വിതരണം തടസ്സപ്പെടുകയും ജീവിതകാലത്ത് ആരും കണ്ടിട്ടില്ലാത്ത തരത്തിൽ ചിന്തിക്കാനാവാത്ത ഉയരത്തിൽ എണ്ണവില എത്തുകയും ചെയ്യുമെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ഇറാനുമായി ഒരു യുദ്ധത്തിന് തങ്ങൾ ശ്രമിക്കില്ലെന്നും സമാധാനപരവും രാഷ്ട്രീയപരവുമായ പരിഹാരത്തിനാണ് മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായാൽ ലോകസമ്പദ്‌വ്യവസ്ഥ തകരുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടിയേക്കാൾ രാഷ്ട്രീയപരവും സമാധാനപൂർണവുമായ പ്രശ്‌നപരിഹാരമാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഖഷോഗിയെ വധിക്കാൻ താന്‍ ഉത്തരവിട്ടിരുന്നുവെന്ന ആരോപണങ്ങൾ മുഹമ്മദ് ബിൻ സൽമാൻ നിഷേധിച്ചു. എന്നാൽ സൗദി സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്ന ചിലർ നടത്തിയ കൃത്യമെന്ന നിലയ്ക്ക് അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും മുഹമ്മദ് ബിൻ സല്‍മാന്‍ വിശദീകരിച്ചു.