kummanam-rajasekharan

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകാത്തതിനെ പരിഹസിച്ച് കോൺഗ്രസ് എം.പി കെ. മുരളീധരൻ രംഗത്ത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഒ. രാജഗോപാലിനെ പോലെ തോറ്റ് തോറ്റ് ചരിത്രം കുറിക്കാനുള്ള ശ്രമത്തിലായിരുന്നു കുമ്മനം രാജശേഖരനെന്നും എന്നാൽ കേരളത്തിലെ ഉന്നതനായ ബി.ജെ.പി നേതാവ് ആ കുപ്പായം വെട്ടിമാറ്റുകായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർകാവ് മണ്ഡലത്തിൽ യു.ഡിഎ.ഫ് സ്ഥാനാർഥി കെ മോഹൻകുമാറിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് മുരളീധരന്റെ പരിഹാസം.

ഉന്നതനായ ബി.ജെ.പി നേതാവിന്റെ പേര് താൻ പറയുന്നില്ല. എന്നാൽ തന്റെ പേരുമായി സാമ്യമുള്ള ആളാണ് ഇത് ചെയ്തതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കോലീബി കൂട്ടുകെട്ട് അല്ല മാർക്സിസ്റ്റ് ബി.ജെ.പി കൂട്ടുകെട്ടാണ് ഉള്ളത്. ന്യൂനപക്ഷ വോട്ട് വാങ്ങി അധികാരത്തിലെത്തിയ പിണറായി വിജയൻ കേരളത്തിൽബി.ജെ.പിയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വട്ടിയൂർകാവില്‍ സി.പി.എം സ്ഥാനാർഥിയെ വിജയിപ്പിക്കാനാണ് ബി.ജെ.പി ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതെന്നും കെ. മുരളീധരൻ ആരോപിച്ചു.

വട്ടിയൂർക്കാവിൽ എസ്. സുരേഷിനെ സ്ഥാനാർഥിയാക്കുന്നതോടെ ബി.ജെ.പി വോട്ടുകൾ സി.പി.എമ്മിന് ലഭിക്കുന്നു. ഇതിന് പകരമായി കോന്നിയിൽ സുരേന്ദ്രന് വോട്ടുകൾ മറിച്ച് നൽകാനാണ് തുരുമാനമെന്നും മുരളീധരൻ പറഞ്ഞു.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാവുമെന്ന് ബോധപൂർവം പ്രചരിപ്പിച്ചശേഷം മാറ്റിയ ബി.ജെ.പി നേതൃത്വത്തിലെ ചിലരുടെ നടപടിക്കെതിരെ പാർട്ടി അണികളിലും ആർ.എസ്.എസ് പ്രവർത്തകരിലും രോഷം ഉയർന്നിരുന്നു. വിജയസാദ്ധ്യതയുണ്ടായിട്ടും കേരളത്തിലെ ചിലർ ബി.ജെ.പി ദേശീയ നേതൃത്വത്തിലെ ഒരു ഉന്നതനുമായി ചേർന്ന് കുമ്മനത്തിന്റെ ചിറകരിയുകയായിരുന്നു എന്നാണ് പാർട്ടി പ്രവർത്തകരിൽ ആരോപണമുയരുന്നു.സംസ്ഥാന ആർ.എസ്.എസ് നേതൃത്വം അകറ്റി നിർത്തിയ ഇപ്പോഴത്തെ ബി.ജെ.പി ദേശീയ നേതൃത്വത്തിലെ ഒരു നേതാവും അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ അടുപ്പക്കാരായ ചില നേതാക്കളും ചേർന്നാണ് കുമ്മനത്തിന്റെ പേര് അവസാന നിമിഷം വെട്ടി മാറ്രിയത്രെ. കുമ്മനത്തിന് വേണ്ടി ബി.ജെ.പി ഒൗദ്യോഗിക നിലയിൽ പ്രചാരണം തുടങ്ങി എന്നു പ്രചരിപ്പിച്ച ശേഷമായിരുന്നു ഈ വെട്ടൽ. അവർക്ക് വേണമെങ്കിൽ കുമ്മനം സ്ഥാനാർത്ഥിയാവരുത് എന്ന് നേരത്തെ പറഞ്ഞാൽ പോരെ?​ എന്തിനാണ് അവസാന നിമിഷം അപമാനിച്ചത് എന്നാണ് ചില നേതാക്കൾ ചോദിക്കുന്നത്.