kerala-education

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ദേശീയ തലത്തിൽ കേരളത്തിന് വീണ്ടും നേട്ടം. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സിൽ കേരളം ഒന്നാമതെത്തി. കഴിഞ്ഞവർഷവും കേരളം ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ നില മെച്ചപ്പെടുത്തി 82.17 പോയിന്റുകൾ നേടിയാണ് കേരളം ഒന്നാമതെത്തിയത്. വിദ്യാഭ്യാസ മേഖലയിലെ 40 മാനകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.

ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങിവയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിട്ട് നിൽക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ടു പോകുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സംസ്ഥാനത്തിന് ലഭിച്ച ഈ നേട്ടമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രതികരിച്ചു.

ഈ ഉജ്ജ്വല നേട്ടത്തിന് കാരണക്കാരായ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷാകർത്താക്കൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൾ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെ ഏറ്റെടുത്ത പൊതുജനങ്ങൾ എല്ലാവർക്കും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂളുകൾ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.