vardy

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലെസ്റ്രർ സിറ്രി മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. സൂപ്പർ സ്ട്രൈക്കർ ജാമി വാർഡി ഇരട്ടഗോളുമായി കളം നിറഞ്ഞപ്പോൾ റിക്കാർഡോ പെരെയ്‌ര, എൻഡിഡി എന്നിവർ ലെസ്റ്ററിനായി ഓരോ ഗോൾ വീതം നേടി. ന്യൂകാസിൽ താരം ഡുമ്മെറ്രിന്റെ വകയായി സെൽഫ് ഗോളും ലെസ്റ്ററിന്റെ അക്കൗണ്ടിൽ എത്തി. 43-ാം മിനിട്ടിൽ ഇസാക്ക് ഹെയ്ഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് പത്ത് പേരായി ചുരുങ്ങേണ്ടി വന്നതും ന്യൂകാസിലിന് തിരിച്ചടിയായി.

16-ാം മനോഹരമായ സോളോ ഗോളിലൂടെ പെരേയ്‌രയാണ് ലെസ്റ്രറിന്റെ ഗോൾ അക്കൗണ്ട് തുറന്നത്. തുടർന്ന് ഒന്നാം പകുതിയിൽ ലെസ്റ്ററിന് ഗോൾ വലകുലുക്കാനായില്ല. 54-ാം മിനിട്ടിൽ വാർഡിയിലൂടെ ലെസ്റ്റർ ലീഡുയർത്തി. 57-ാം മിനിട്ടിലാണ് ഡുമ്മെറ്ര് സ്വന്തം വലയിൽ പന്തെത്തിച്ചത്. 64-ാം മിനിട്ടിൽ വീണ്ടും വാർഡിയും 90-ാം മിനിട്ടിൽ എൻഡിഡിയും ലക്ഷ്യം കണ്ടതോടെ ന്യൂകാസിലിന്ളെ തകർച്ച പൂർണമാവുകയായിരുന്നു.

7 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ലെസ്റ്റർ പോയിന്റ് ടേബിളിൽ 3-ാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 5 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ 19-ാം സ്ഥാനത്താണ്.

ഫയറിംഗ് ഫിയോറന്റീന

ഇറ്രാലിയൻ സിരി എയിൽ ഫിയോറന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എ.സി. മിലാനെ കീഴടക്കി. മിലാന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിൽ നിന്ന് ഈ സീസണിൽ ഫിയോറന്റീനയിലെത്തിയ ഫ്രാങ്ക് റിബറിയുടെ മികച്ച പ്രകടനമാണ് അതിഥേയരെ തകർത്തത്. റിബറിയും ഗാസ്ട്രോവില്ലിയും പെനാൽറ്രിയിലൂടെ പുൾഗാറുമാണ് ഫിയോറന്റീനയ്ക്കായി ലക്ഷ്യം കണ്ടത്. 80-ാം മിനിട്ടിൽ റാഫേൽ ലിയോയാണ് മിലാന്റെ ആശ്വാസ ഗോൾ നേടിയത്.