ചെന്നൈ : ഹിന്ദിഭാഷാ വിവാദത്തിനിടെ തമിഴിനെ വാനോളം പുകഴ്ത്തി ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം.. ചെന്നൈ ഐ..ഐ..ടിയുടെ വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമേരിക്കൻ സന്ദർശനത്തിനിടെ ഒരിക്കൽ ഞാൻ തമിഴിൽ സംസാരിച്ചു. ഇന്ത്യയിലെ പുരാതന ഭാഷകളിലൊന്നാണ് തമിഴ് എന്ന് ഞാൻ അമേരിക്കൻ ജനതയോടു പറഞ്ഞു. ചെന്നൈയിലെ പ്രിയപ്പെട്ടവർക്ക് വണക്കം'.- പ്രധാനമന്ത്രി പറഞ്ഞു..
അതോടെ തമിഴ് ഭാഷയ്ക്ക് അമേരിക്കയിൽ മികച്ച സ്വീകാര്യത ലഭിച്ചെന്നും പ്രവർത്തകരുടെ കരഘോഷത്തിനിടെ മോദി അറിയിച്ചു. യു.എൻ പൊതുസമ്മേളനത്തിൽ തമിഴ് സംഘകാലകവി കനിയൻ പുങ്കുണ്ട്രനാറുടെ 'യാതും ഉൗരേ യാവരും കേളീർ ' തുടങ്ങിയ വരികൾ ഉദ്ധരിച്ച് മോദി സംസാരിച്ചിരുന്നു. ലോകത്തെ മുഴുവൻ ഇടങ്ങളും ജനങ്ങളും ഒന്നാണെന്ന് അർത്ഥം വരുന്ന വരികളായിരുന്നു ഇത്. തമിഴ്നാട്ടിൽ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ തമിഴ്ഭാഷാ പരാമര്‍ശം.
എല്ലാവരും ഹിന്ദി കൂടി പഠിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയർന്നത്. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഭാഷാവൈവിധ്യത്തെ കുറിച്ചും തമിഴിനെ വാനോളം പുകഴ്‍ത്തിയും നരേന്ദ്ര മോദിയുടെ പ്രസംഗം. ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് വിവാദത്തിൽ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇന്ത്യക്ക് അകത്തും പുറത്തും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിലുടനീളം വ്യക്തമാവുന്നതെന്നാണ് വിമർശകരുടെ പക്ഷം.