തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഗതാഗതത്തിരക്കിന് മറുമരുന്നാവേണ്ട കഴക്കൂട്ടം -മുക്കോല ബൈപാസിലെ മർമ്മപ്രധാന ഭാഗമായ ചാക്ക ഫ്ളൈ ഓവറിന്റെ പണി തീർത്തിട്ടും തീർത്തിട്ടും തീരുന്നില്ല. ഏറെ പ്രതീക്ഷയോടെ നഗരവാസികൾ കാത്തിരിക്കുന്ന ഒരു പദ്ധതിയാണ് ഇത്. സാങ്കേതികമായി പറഞ്ഞാൽ നിർമ്മാണജോലികളുടെ 90 ശതമാനവും പൂർത്തിയായി. എങ്കിലും ഗതാഗതത്തിന് എപ്പോൾ തുറന്നുകൊടുക്കാനാവുമെന്നതാണ് നിശ്ചയമില്ലാത്തത്. നവംബർ അവസാനത്തോടെ ഫ്ളൈഓവർ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ലക്ഷ്യമാണ് നാഷണൽ ഹൈവേ അതോറിറ്റി (എൻ.എച്ച്.എ.ഐ) അധികൃതർക്കുള്ളത്.
ഫ്ളൈഓവർ തുടങ്ങുന്ന കഴക്കൂട്ടം സൈഡിലെ റെയിൽവേ ഓർവർബ്രിഡ്ജ് ഭാഗത്ത് കുറെ പണികൾ തീരാനുണ്ട്. ഫ്ളൈഓവർ അവസാനിക്കുന്ന അനന്തപുരി ആശുപത്രിക്ക് സമീപഭാഗത്തും കുറച്ചു ജോലികൾ ബാക്കി. ഉപരിതലം മിനുക്കൽ ജോലിയും തീരാനുണ്ട്. അതു കൂടികഴിഞ്ഞാൽ സംഗതി റെഡി. ഇടക്കാലത്ത് തുടർച്ചയായി പെയ്ത കനത്തമഴയാണ് യഥാർത്ഥത്തിൽ വില്ലനായത്. അല്ലെങ്കിൽ തലസ്ഥാനത്തെ ഏറ്റവും വലിയ ഫ്ളൈഓവർ സമയബന്ധിതമായി പൂർത്തിയാവുമായിരുന്നു. ദേശീയപാത 66 വഴി എത്തുന്ന എയർപോർട്ട് യാത്രക്കാർക്കാണ് ഇത് ഏറെ ഗുണകരമാവുക. ഫ്ളൈ ഓവർ പൂർത്തിയായാൽ ചാക്കയ്ക്ക് സമീപം നിലവിലുള്ള എയർപോർട്ട് റാമ്പ് വഴി വിമാനത്താവളത്തിലക്ക് വേഗത്തിലും സുഗമമായും എത്താം.
ആദ്യ തടസമായത് റാമ്പ്
എയർപോർട്ടിലേക്ക് പോകാൻ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച റാമ്പിനെചൊല്ലിയുള്ള കോലാഹലങ്ങളാണ് ആദ്യ ഘട്ടത്തിൽ ഫ്ളൈഓവർ നിർമ്മാണത്തിന് ചെറിയ തടസമുണ്ടാക്കിയത്. റാമ്പ് പൊളിക്കണമെന്നും വേണ്ടെന്നുമുള്ള രണ്ട് അഭിപ്രായങ്ങൾ ഉയർന്നു. പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്ത് വന്നു. എന്നാൽ റാമ്പ് നിലനിറുത്തിക്കൊണ്ടു തന്നെ ഫ്ളൈഓവർ നിർമ്മാക്കാൻ ഒടുവിൽ തീരുമാനമായി. തർക്കം തുടർന്നാൽ കരാർപ്രകാരം നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ ഫ്ളൈ ഓവർ നിർമ്മാണം തീർക്കുക പ്രയാസവുമായേനെ.
പണിതുടങ്ങി കുറെ കഴിഞ്ഞപ്പോഴുണ്ടായ മറ്റൊരു പ്രതിസന്ധി ഇതിന്റെ ഗർഡർ നിർമ്മാണമായിരുന്നു. 400 ഓളം ഗർഡറുകളാണ് വേണ്ടിവന്നത്. നിർമ്മാണസ്ഥലത്തിന് സമീപത്തു തന്നെ ഗർഡുറുകൾ തീർത്തില്ലെങ്കിൽ അവ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാവും. എന്നാൽ ഗർഡർ നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ആദ്യം കണ്ടെത്താനും കഴിഞ്ഞില്ല. ദേശീയപാത അതോറിറ്റി അധികൃതരുടെ നയപരമായ ഇടപെടൽ വഴി അതിന് ഒടുവിൽ പരിഹാരം കണ്ടെത്തി.
കൂറ്റൻ നിർമ്മാണം
കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള എൻ.എച്ച് ബൈപാസിന് 669 കോടിയാണ് ആകെ എസ്റ്റിമേറ്റ് തുക. ഇതിൽ 172 കോടിയാണ് 1.6 കിലോമീറ്റർ നീളത്തിലുള്ള ഫ്ളൈഓവറിന് വേണ്ടി ചെലവിട്ടത്. ഒമ്പത് മീറ്റർ വീതമുള്ള രണ്ട് ലൈനുകളായി പോകുന്ന ഫ്ളൈ ഓവറിന്റെ ആകെ വീതി 19.6 മീറ്ററാണ്. മീഡിയനും വശങ്ങളിൽ ക്രാഷ് ബാരിയറുമുണ്ട്. വൻകിട കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. 2018 ലാണ് ഫ്ളൈഓവറിന്റെ നിർമ്മാണം തുടങ്ങിയത്. കൃത്യം തീയതി പറയാനാവില്ലെങ്കിലും ഈ വർഷം അവസാനത്തോടെ ജോലികൾ തീർക്കാമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിറ്റി അധികൃതർ.