തിരുവനന്തപുരം: ഭക്തിയും സംഗീതവും നിറയുന്ന, കലയുടെയും അക്ഷര പൂജയുടെയും ഉത്സവമായ നവരാത്രി ആഘോഷം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ നഗരം ഭക്തജനത്തിരക്കിലമർന്നു. തലസ്ഥാനത്തെ പ്രധാന ദേവീക്ഷേത്രങ്ങളെല്ലാം നവരാത്രി ഉത്സവത്തിരക്കിലാണിപ്പോൾ. ഏഴിനാണ് മഹാനവമി. വിജയദശമി ദിനമായ എട്ടിനാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക. മാതൃസ്വരൂപിയായ ജഗദീശ്വരിയെ ഒൻപത് ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിലാണ് ആരാധിക്കുന്നത്. പൂജവയ്പിന്റെ ആദ്യ ദിവസമായ സെപ്തംബർ 29ന് ശൈലപുത്രീ ഭാവത്തിലായിരുന്നു ആരാധന. രണ്ടാം ദിവസമായ ഇന്നലെ ദേവിക്ക് ബ്രഹ്മചാരിണീ ഭാവമായിരുന്നു. മൂന്നാം നാളായ ഇന്ന് ചന്ദ്രഖണ്ഡഭാവത്തിലാണ് ആരാധിക്കുക. കുശ്മാണ്ടം, സ്കന്ദമാതാ, കാർത്ത്യായനി, കാളരാത്രി, മഹാഗൌര സിദ്ധദാത്രി എന്നിങ്ങനെയാണ് തുടർന്നുള്ള ദിവസങ്ങളിലെ ദേവീഭാവങ്ങൾ. കൂടാതെ ആദ്യ മൂന്നു ദിവസം മഹാകാളിയായും, പിന്നീടുള്ള മൂന്നു ദിനം മഹാലക്ഷ്മിയായും, അവസാന മൂന്നു ദിനങ്ങളിൽ മഹാസരസ്വതിയായും ആരാധിക്കുന്ന പതിവും ഉണ്ട്.
പത്മനാഭപുരം തേവാരക്കെട്ടിലെ സരസ്വതീവിഗ്രഹം കുടിയിരുത്തിയിരിക്കുന്ന കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലുൾപ്പെടെ ആരാധനാലയങ്ങളിൽ ദർശനത്തിന് തിരക്കേറിയിട്ടുണ്ട്. നിരവധിപേർ സംഗീതക്കച്ചേരി ആസ്വദിക്കാനെത്തുന്നുമുണ്ട്. നവരാത്രി മണ്ഡപത്തിലെത്തുന്ന ഭക്തർ വേളിമല കുമാരസ്വാമിയെ കുടിയിരുത്തിയിരിക്കുന്ന ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ കുടിയിരുത്തിയിരിക്കുന്ന ചെന്തിട്ട ക്ഷേത്രത്തിലും ദർശനം നടത്തിയാണ് നവരാത്രി പുണ്യം പൂർണമായി ആസ്വദിക്കുന്നത്. ആര്യശാല ക്ഷേത്രവളപ്പിലുള്ള വേളിമലയിലെ വെള്ളിക്കുതിരയെ തൊട്ടുവണങ്ങാനും പച്ചിലകൾ സമർപ്പിക്കാനും തിരക്കുണ്ട്.
പൂജപ്പുര നവരാത്രി മണ്ഡപം, ആറ്റുകാൽ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, പഴഞ്ചിറദേവീ ക്ഷേത്രം, മരുതൻകുഴി ഉദിയന്നൂർ ദേവീക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളിൽ സംഗീതാർച്ചനയ്ക്കൊപ്പമാണ് നവരാത്രി ആഘോഷം നടക്കുന്നത്. അഗ്രഹാരങ്ങളിൽ തമിഴ് ആചാരപ്രകാരമുള്ള ബൊമ്മകൊലു വയ്പ്പോടെയാണ് നവരാത്രി ആഘോഷം. ദുർഗാദേവി മഹിഷാസുരനെ കൊന്ന് വിജയം വരിച്ചതിന്റെ പേരിലാണ് വിജയദശമി ആഘോഷിക്കുന്നത്. അതിനാൽ ജീവിതവിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകളുടെയും അഭ്യാസ സംരംഭത്തിന് ചേർന്ന സമയമായി ഇതിനെ പരിഗണിക്കുന്നു.
വിദ്യയുടെ ആവിർഭാവത്തോടുകൂടി അജ്ഞാനം നശിച്ചുവെന്ന സൂചനയായും മഹിഷാസുരവധത്തെ കാണുന്നു. അതിനാൽ ദേവിയുടെ വിജയദിനമായ വിജയദശമി, വിദ്യാരംഭ ദിനമായി. യോദ്ധാവ് തന്റെ ആയുധങ്ങളും, എഴുത്തുകാരൻ ഗ്രന്ഥങ്ങളെയും തൂലികയെയും, ഗായകൻ സംഗീതാേപകരണങ്ങളെയും ദേവിയുടെ സമക്ഷത്തിൽ സമർപ്പിച്ച് പൂജിച്ച ശേഷം വിജയദശമിയുടെ നല്ല മുഹൂർത്തത്തിൽ തിരിച്ചെടുക്കുന്നതാണ് ആചാരം.