തിരുവനന്തപുരം: സിനിമ - സീരിയൽ പ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനായ വെള്ളായണി കായലിന് സമീപത്തെ കിരീടം പാലത്തിലേക്കുള്ള റോഡ് തകർന്നിട്ട് മാസങ്ങളായി. വെള്ളായണി ദേവീക്ഷേത്രത്തിൽ നിന്ന് ശിവോദയം ശിവക്ഷേത്രം വഴി കായലിലെത്തുന്ന റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. നേമം ഭാഗത്ത് നിന്ന് വണ്ടിത്തടം, പാലപ്പൂര്, കാർഷിക കോളേജ്, കരുമം, പുഞ്ചക്കരി ഭാഗങ്ങളിലേക്കെത്താൻ നിരവധിപേർ ആശ്രയിക്കുന്ന റോഡിനാണ് ഈ ഗതി. നഗരത്തിരക്കുകൾക്കിടയിൽ നിന്ന് ഗ്രാമീണഭംഗി ആസ്വദിക്കാൻ അവധി ദിവസങ്ങളിൽ നൂറുകണക്കിന് പേരാണ് കുടുംബസമേതം വെള്ളായണി കായലിലെത്തുന്നത്. റോഡ് തകർന്നത് സഞ്ചാരികളെയും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പള്ളിനട വളവിലെ വലിയ കുഴി അപകടം ക്ഷണിച്ചുവരുത്തുകയാണ്. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വളവിൽ എതിർദിശയിലേക്ക് വെട്ടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. കിരീടം പാലം - കരുമം ബണ്ട് റോഡ് സൈഡ് വാൾ നിർമിച്ച് ടാർ ചെയ്യാനുള്ള പണികൾക്കായി ടിപ്പർ ലോറികൾ തലങ്ങും വിലങ്ങും പായുന്നതിനാൽ വലിയ അപകടങ്ങൾ ഉണ്ടാകും മുൻപ് വളവിലെ കുഴി അടയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അടിയന്തരമായി റോഡ് ടാർ ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.
പാളിയ സ്ലാബ് നിർമ്മാണം
ഈ റോഡിലെ പ്രധാന പ്രശ്നമായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച ഒാടയ്ക്ക് അടുത്തിടെ സ്ലാബ് ഇട്ടത് വാഹനയാത്രക്കാർക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. വീതി കുറഞ്ഞ റോഡിൽ തറനിരപ്പിൽ നിന്നും ഉയർത്തി റോഡിന്റെ വശത്തേക്ക് ചരിച്ച് ഒാട നിർമ്മിച്ചത് അശാസ്ത്രീയമാണെന്ന് ആക്ഷേപമുണ്ട്. ഇടവിട്ട് സ്ലാബ് ഇട്ടതെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത്തരത്തിൽ ഒാട നിർമ്മിച്ചതിനാൽ രണ്ട് കാറുകൾ എതിർദിശയിൽ വന്നാൽ തന്നെ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങളാണെങ്കിൽ പെട്ടതുതന്നെ. സൈഡ് കൊടുക്കുമ്പോൾ കാറുകളുടെ അടിഭാഗം സ്ലാബിൽ ഉരയുന്നതായും പരാതിയുണ്ട്.
l 15 ലക്ഷം രൂപ അനുവദിച്ചതായി അധികൃതർ
l പൂർണമായും തകർന്നത് 200 മീറ്റർ ഭാഗം
l വളവിലെ വലിയ കുഴി അപകടം ക്ഷണിച്ചുവരുത്തുന്നു
l തകർന്നത് നിരവധി സ്കൂൾ ബസുകൾ കടന്നുപോകുന്ന റോഡ്
l കാൽനടയാത്രക്കാരും ദുരിതത്തിൽ
ശിവോദയം റോഡ് റീടാർ ചെയ്യാനായി ഇ -ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ആരും അപേക്ഷിച്ചില്ല. ഇപ്പോൾ റീടെൻഡർ വിളിച്ചിട്ടുണ്ട്. കല്ലിയൂർ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നുള്ള 5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിൽ നിന്നുള്ളതിന്റെ ടെൻഡർ ആയിട്ടുണ്ട്.- മനോജ്.കെ.നായർവാർഡ് മെമ്പർ, കല്ലിയൂർ പഞ്ചായത്ത്