തിരുവനന്തപുരം വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മേയർ വി.കെ.പ്രശാന്തിനെതിരെ അഴിമതി ആരോപണം പ്രചാരണ ആയുധമാക്കി ബി.ജെ.പി രംഗത്ത്. വി.കെ.പ്രശാന്ത് ഇന്നലെ പത്രിക സമർപ്പിക്കവേ നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. നഗരസഭ ഭരണ സ്തംഭനത്തിനെതിരെയും ശുചീകരണത്തൊഴിലാളികളെ നിയമിച്ചതിൽ അഴിമതി ആരോപിച്ചുമായിരുന്നു ധർണ. നിയമനത്തിലെ അഴിമതി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വിജിലൻസിന് പരാതി നൽകിയതിന് പിന്നാലെയാണ് ഇന്നലെ ധർണ നടത്തിയത്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ ഈ വിഷയം മുഖ്യ ചർച്ചയാകുമെന്ന് ധർണ ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വ്യക്തമാക്കി.
ബി.ജെ.പി കൗൺസിലർമാരിലൂടെ ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. അഴിമതി ആരോപണം നേരിടുന്ന വി.കെ. പ്രശാന്ത് മേയർ സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് എം.ടി.രമേശ് ആവശ്യപ്പെട്ടു. ചുമതലകൾ കൈമാറാതെ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ നഗരസഭയിലെ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടിരിക്കുകയാണെന്ന് കൗൺസിലർമാർ ആരോപിച്ചു. കൗൺസിൽ പാർട്ടി നേതാവ് എം.ആർ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കരമന അജിത്, തിരുമല അനിൽ, ഗിരികുമാർ, എസ്.ഹരിശങ്കർ എന്നിവർ സംസാരിച്ചു.
അതേസമയം അഴിമതി ആരോപണത്തെ ഭരണപക്ഷം ശക്തമായി പ്രതിരോധിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്താണ് ശുചീകരണത്തൊഴിലാളികളെ നിയമിച്ചത്. ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് കൃത്യമായി കൗൺസിൽ യോഗത്തിൽ മറുപടി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അഴിമതി ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഭരണപക്ഷത്തെ നേതാക്കൾ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി യു.ഡി.എഫ്
ബി.ജെ.പിക്ക് പിന്നാലെ യു.ഡി.എഫും ആരോപണവുമായി രംഗത്തുണ്ട്. മേയർ സ്ഥാനം രാജിവയ്ക്കാതെ മത്സരിക്കുന്ന മേയർ വി.കെ.പ്രശാന്ത് അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. വട്ടിയൂർക്കാവിലെ ജനങ്ങളെ സ്വാധീനിക്കുംവിധം അധികാരം ദുർവിനിയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് 20 കൗൺസിലർമാർ ഒന്നിച്ച് എത്തി കമ്മിഷന് പരാതി നൽകുമെന്ന് യു.ഡി.എഫ് ലീഡർ ഡി.അനിൽകുമാർ അറിയിച്ചു.