തിരുവനന്തപുരം: ''അവരുടെ ജീവിതങ്ങൾ ഇങ്ങനെ തകരാനുള്ളതല്ല, രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ്."" സമാന്തര സമ്പദ്വ്യവസ്ഥയായ മൾട്ടിവെൽ മാർക്കറ്റിംഗിന് ഇരയായവരുടെ ജീവിതങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച ഹൈദരാബാദ് സ്വദേശിയായ മാദ്ധ്യമ പ്രവർത്തക അരുണ രവികുമാർ തനിക്കുണ്ടായ അനുഭവങ്ങളെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. ഒന്നര വർഷത്തോളം നീണ്ട യാത്രയിൽ ഗോവ, കൊച്ചി, ജയ്പൂർ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ് എന്നീ സ്ഥലങ്ങളിലെ മൾട്ടി ലെവൽ സംഘങ്ങളുടെ ചുരുളഴിക്കാനുള്ള യാത്ര അവർക്ക് സമ്മാനിച്ച അനുഭവങ്ങൾ വളരെ വലുതാണ്.
ആ അനുഭവങ്ങൾ അവർ ഒരു പുസ്തകമാക്കി, മറോഡേഴ്സ് ഒഫ് ഹോപ്പ് (പ്രതീക്ഷയുടെ കൊള്ളക്കാർ).
ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഭാഗമായി 1990കളിൽ ഇന്ത്യ വിപണി തുറന്നുകൊടുത്തതോടെയാണ് മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പുകൾ ഇന്ത്യയിലും വേരുറച്ചതെന്ന് അരുണ പറയുന്നു. മൾട്ടിലെവൽ മാർക്കറ്റിംഗ് രംഗത്തെ കൊള്ളകളും അതിനെതിരെയുള്ള പോരാട്ടവുമാണ് തന്റെ പ്രഥമപുസ്തകത്തിൽ അരുണ പ്രതിപാദിക്കുന്നത്. തട്ടിപ്പിനിരയായ പലരുടെയും അനുഭവങ്ങളും പുസ്തകത്തിലുണ്ട്. മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണം സാമൂഹ്യഘടനയെ എങ്ങനെ നശിപ്പിക്കുന്നുവെന്നതും ചിന്തനീയമാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്താകെ എളുപ്പത്തിൽ പണം കണ്ടെത്താനുള്ള മാർഗങ്ങൾ തേടി ഇറങ്ങി വഞ്ചിതരാകുന്ന എല്ലാവരുടെയും കണ്ണ് തുറപ്പിക്കാൻ ഈ പുസ്തകത്തിന് കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അരുണ.
'ദി റൈറ്റ് പ്ലേസ്" ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 299 രൂപ വിലയുള്ള പുസ്തകം ക്രോസ്വേഡിലും ((http://bit.ly/mohcwd) ആമസോണിലും ((http:bit.ly/mohbuy) ലഭിക്കും.