തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങളെയും വിദ്യാർത്ഥി സമൂഹത്തെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിൽ വിപുലമായ പരിപാടികളൊരുക്കി മ്യൂസിയം മൃഗശാല വകുപ്പ്. നാളെ മുതൽ 8 വരെയാണ് വാരാഘോഷം. ഇന്ന് രാവിലെ 11ന് മ്യൂസിയം ആഡിറ്രോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക കാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി കെ. ഗീത വാരാചരണം ഉദ്ഘാടനം ചെയ്യും. മ്യൂസിയം ഡയറക്ടർ എസ്.അബു അദ്ധ്യക്ഷനാകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാം ജോസഫ്, ഗാർഡൻ സൂപ്രണ്ട് ജി.ആർ. രാജഗോപാൽ, വെറ്ററിനറി സർജൻ ജേക്കബ് അലക്സാണ്ടർ, എഡ്യൂക്കേഷണൽ ഓഫീസർ വിജയലക്ഷ്മി തുടങ്ങിയവർ സംസാരിക്കും.
57 വർഷമായി തുടരുന്ന വാരാചരണം
1952ൽ ഇന്ത്യൻ വൈൽഡ്ലൈഫ് ബോർഡ് ആരംഭിച്ചതിന്റെ പത്താം വാർഷികത്തിലാണ് ആദ്യമായി മ്യൂസിയം മൃഗശാല വകുപ്പ് വന്യജീവി വാരാഘോഷം സംഘടിപ്പിച്ചത്. മൂന്ന് ആനകളെ അണിനിരത്തി നഗരത്തിലൂടെ അന്ന് ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര ചരിത്രത്തിന്റെ ഭാഗമാണ്. വർഷങ്ങൾക്കിപ്പുറം 2019ൽ 'ഒഴിഞ്ഞ കാടുകളാകാതെ വരൂ കാക്കാം നമുക്ക് വന്യതയെ' എന്ന സന്ദേശമുയർത്തി വന്യജീവി വാരം ആഘോഷിക്കുമ്പോൾ പ്രകൃതിക്കുണ്ടായിട്ടുള്ള നാശത്തെപ്പറ്റി പുതുതലമുറയെ ബോദ്ധ്യപ്പെടുത്താനാണ് ശ്രമം.
പ്രധാന പരിപാടികൾ
വാരാചരണത്തിന്റെ ഭാഗമായി വനനശീകരണം, ആവാസവ്യവസ്ഥയിൽ വന്നിട്ടുള്ള തകർച്ച, മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവ വഴി മൃഗങ്ങൾക്കുണ്ടാകുന്ന അപകടങ്ങളും ആവാസവ്യവസ്ഥയിൽ വരുന്ന വെല്ലുവിളികളും എന്നിവ വ്യക്തമാക്കി മൃഗശാലാ വളപ്പിനുള്ളിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നുണ്ട്. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ 'വൈൽഡ് ലൈഫ് സോൺ' എന്ന പേരിൽ പ്രത്യേകസ്ഥലമൊരുക്കിയാണ് പ്രദർശനം. നൂറ് കണക്കിന് ആളുകൾ ദിവസവും സന്ദർശിക്കുന്ന സ്ഥലമായതിനാൽ തങ്ങളുടെ സന്ദേശം പൂർണമായി ജനങ്ങളിലെത്തുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
3ന് രാവിലെ 11 മുതൽ പശ്ചിമഘട്ടവും സമീപകാല ദുരന്തങ്ങളും, 4ന് രാവിലെ 11ന് കടൽ ആവാസവ്യവസ്ഥ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. നൂറോളം കോളേജ് വിദ്യാർത്ഥികൾ പങ്കെടുക്കും.