തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രമായ സെയ്റ നരസിംഹ റെഡ് ഡി ഡബ്ബിംഗ് പതിപ്പ് ഉൾപ്പെടെ ഈ ആഴ്ച അഞ്ച് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തും. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കട്ട്, വിനായകനെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടൽ, ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആദ്യരാത്രി,സൗബിൻ ഷാഹിർ , സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വികൃതി എന്നിവയാണ് ഇൗ ആഴ്ചയിലെ മറ്റു റിലീസുകൾ.
ഗ്രാമവാസികൾക്ക് ഭീഷണിയായ പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കെട്ട് പറയുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, സാബു മോൻ, ശാന്തി ബാലചന്ദ്രൻ, ശരണ്യ നായർ എന്നിവരാണ് താരങ്ങൾ. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എസ്. ഹരീഷും ആർ. ജയകുമാറും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ഒ.തോമസ് പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കാമറ ഗിരീഷ് ഗംഗാധരനാണ്. സംഗീതം പ്രശാന്ത് പിള്ള.
പ്രണയമീനുകളുടെ കടലിൽ സ്രാവു വേട്ടക്കാരനായ െഎദ്രു എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്.പുതുമുഖങ്ങളായ ഗബ്രി ജോസും റിധിയുമാണ് നായകനും നായികയും.ദിലീഷ് പോത്തൻ,സുധീഷ്, സൈജു കുറുപ്പ്, കൈലാഷ്, ജിയോ ജോൺ ചാക്കോ, ജിതിൻ കൃഷ്ണ, ഉണ്ണിരാജ, അശോകൻ വടകര, ജിപ്സ ബീഗം, രേവതി പ്രസാദ്, ആൻ സലിം, എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ, സംഭാഷണം ജോൺപോൾ, കമൽ. ഡാനി പ്രൊഡ ക് ഷൻസിന്റെ ബാനറിൽ ജോണി വട്ടക്കുഴി, ദീപക് ജോൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്രണയമീനുകളുടെ കടൽ ഫ്രെയിംസ് ഇനെവിറ്റബിൾ റിലീസ് പ്രദർശനത്തിന് എത്തിക്കുന്നു.
വെള്ളിമൂങ്ങയ്ക്കുശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്നതാണ് ആദ്യരാത്രിയുടെ പ്രത്യേകത. വിവാഹ ബ്രോക്കറുടെ വേഷമാണ് ബിജു മേനോന്.അനശ്വര രാജനാണ് നായിക. തിരക്കഥ, സംഭാഷണം ഷാരീസ്- ജെബിൻ. സെൻട്രൽ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാദിഖ് കബീർ നിർവഹിക്കുന്നു. സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.സി ജോസഫ് സംവിധാനം ചെയ്യുന്ന വികൃതി സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്നു. കട്ട് 2 ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ.ഡി ശ്രീകുമാർ, ഗണേ ഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.കഥ, തിരക്കഥ അജീഷ് .പി തോമസ് സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവർ ചേർന്ന് എഴുതുന്നു.
ബ്രഹ്മാണ്ഡ ചിത്രമായ സെയ്റ നരസിംഹ റെഡ് ഡിയിൽ ചിരഞ്ജീവി, അമിതാഭ് ബച്ചൻ, രാം ചരൺ, വിജയ് സേതുപതി, ജഗപതി ബാബു, നയൻതാര, കിച്ചാ സുദീപ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി എന്നിവരാണ് പ്രധാന താരങ്ങൾ. സ്വാതന്ത്ര്യ സമരസേനാനി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സുരേന്ദർ റെഡ് ഡി സംവിധാനം ചെയ്യുന്നു. ചിരഞ്ജീവിയുടെ 151-ാം സിനിമയും രാം ചരൺ തേജയുടെ ആദ്യ നിർമ്മാണ സംരംഭവുമാണിത്. ചിത്രത്തിന്റെ മലയാളം പതിപ്പിൽ മോഹൻലാലിന്റെ ശബ്ദസാന്നിദ്ധ്യമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. കൊനിഡേല പ്രൊഡ ക് ഷൻസിന്റെ ബാനറിൽ നിർമ്മിക്കന്ന ചിത്രം നാളെ ജെമിനി സ്റ്റുഡിയോയാണ് തിയേറ്ററിൽ എത്തിക്കുന്നത്.