പൊന്നാനി: ഭാരതപ്പുഴയിലെ വെള്ളത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് പൊന്നാനി നഗരസഭ കൗൺസിൽ യോഗം. റീബിൾഡ് കേരളയുടെ ഭാഗമായി പഠനം നടത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനം.
കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ അതിതീവ്ര മഴയിൽ ഭാരതപ്പുഴയുടെ പൊന്നാനി ഭാഗത്ത്
വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തിലാണിത്. പുഴയിൽ കാലങ്ങളായി രൂപപ്പെട്ട മാടുകൾ, അടിത്തട്ടിലെ മണലിന്റെ സ്ഥിതി , അഴിമുഖത്തിന്റെ വ്യാപ്തിക്കുറവ് എന്നിവ വെള്ളപ്പൊക്കത്തിന് കാരണമായെന്ന് അഭിപ്രായമുയർന്നിരുന്നു. മഴക്കാലത്ത് ചമ്രവട്ടം റെഗുലേറ്റർ വഴി ശക്തമായി ഒഴുകി വരുന്ന വെള്ളത്തിന്റെ ഗതി മാറുന്നതാണ് പുഴ കരകവിയാനിടയാക്കുന്നതെന്നും അഭിപ്രായമുയരുന്നുണ്ട്.
ഭാരതപ്പുഴയിലെ വലിയ തുരുത്തുകളിൽ തട്ടി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം സംഭവിക്കുന്നതാണ് കർമ്മ റോഡിലേക്ക് വെള്ളം കയറാനിടയാക്കിയ കാരണങ്ങളിലൊന്ന്. ഭാരതപ്പുഴയിലെ ജലനിരപ്പുയരുമ്പോൾ കർമ്മ റോഡിനടിയിലൂടെയുള്ള തുരങ്കങ്ങൾ വഴിയും വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത് തടയാൻ തുരങ്കങ്ങളിൽ ചെറിയ ചീർപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും അഭിപ്രായമുണ്ട്.പൊന്നാനി പോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച തടയണ മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതായും ഹാർബർ പ്രദേശത്ത് 800 മീറ്ററോളം മണ്ണിട്ട് നികത്തിയത് ഭാരതപ്പുഴ പരന്നൊഴുകുന്നതിന് തടസ്സമായെന്നും അഭിപ്രായമുണ്ട്.
ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചത്. വിഷയത്തിൽ ഉന്നതസമിതിയെ നിയോഗിക്കുമെന്ന് സ്പീക്കറും പറഞ്ഞിരുന്നു. സാന്റ് ഓഡിറ്റിംഗ് അടക്കമുള്ള സാങ്കേതിക പഠനങ്ങൾക്ക് ശേഷമേ, ഇവയിൽ ശാസ്ത്രീയ വസ്തുതകൾ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു.