എടക്കര: തമിഴ്നാട്ടിലെ നീലഗിരി ജില്ലക്കാർക്ക് പ്ലാസ്റ്റിക് നിരോധനം വെറും വാക്കല്ല. അധികൃതരുടെ തീരുമാനത്തിന് പിന്തുണയേകി പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന ഒന്നുംതന്നെ പ്രോത്സാഹിപ്പിക്കില്ലെന്ന് നീലഗിരിക്കാർ ദൃഢപ്രതിജ്ഞയെടുത്തടെ പ്ലാസ്റ്റിക് കുപ്പികളെ ഒന്നാകെ പുറത്താക്കാനായി. ആഗസ്റ്റ് 15 മുതലാണ് നീലഗിരിയിൽ പ്ലാസ്റ്റിക് ബോട്ടിലെ കുപ്പിവെള്ളം നിരോധിച്ച് ഉത്തരവിറക്കിയത്. ഇതെത്ര കണ്ട് വിജയിക്കുമെന്നിൽ ഭരണകൂടത്തിനും ആശങ്കയുണ്ടായിരുന്നു. രണ്ടാഴ്ച്ച കൊണ്ടുതന്നെ നിലഗിരിക്കാർ പൂർണ്ണമായും സഹകരിച്ചതോടെ പദ്ധതി ലക്ഷ്യം കണ്ടു. നീലഗിരിയിലും സമീപ പ്രദേശങ്ങളിലും കുപ്പിവെള്ളം ഇപ്പോൾ കാണാനേയില്ല.
കേരളത്തിൽ നിന്നും നാടുകാണി വഴിയും മറ്റും എത്തുന്ന സഞ്ചാരികൾ ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളെ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീലഗിരി ജില്ലാ ഭരണകൂടത്തെ എത്തിച്ചത്. സഞ്ചാരികളുടെ വരവും ജല ഉപയോഗവും നന്നേ കുറയുമെന്നത് മുന്നിൽകണ്ടാണ് മഴക്കാലത്ത് തീരുമാനം നടപ്പാക്കിയത്. നിരോധനം നടപ്പായാൽ പിന്നീടങ്ങോട്ട് ഘട്ടംഘട്ടമായി വിജയിപ്പിക്കാനും കഴിയും. ഇതിന്റെ ആദ്യപടിയായി നാടുകാണി മുതൽ നീലഗിരിയിലേക്കുള്ള ദേശീയ പാതയോരത്തും മറ്റുപ്രധാന സ്ഥലങ്ങളിലുമായി 70 ജല എ.ടി.എം മെഷീനുകളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. യാത്രക്കാരുടെ കൈവശമുള്ള കുപ്പിയിൽ അഞ്ച് രൂപയ്ക്ക് ഒരുലിറ്റർ വെള്ളം നിറയ്ക്കാനാവും. സാധാരണഗതിയിൽ 15 മുതൽ 20 രൂപ വരെ ഒരു ലിറ്ററിന് നൽകേണ്ടപ്പോൾ നല്ല കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നത് യാത്രക്കാർക്കും ലാഭകരമാണ്. തുടക്കത്തിൽ വിനോദ സഞ്ചാരികൾക്ക് പ്ലാസ്റ്റിക് നിരോധന ബോധവൽക്കരണ ക്ലാസും ഉദ്യോഗസ്ഥർ നൽകിയിരുന്നു. കുപ്പിവെള്ളം വിൽക്കുന്നവരിൽ നിന്നും ഉപയോഗിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടക്കുന്നുണ്ട്. വിവിധ കമ്പനികളുടെ ശീതളപാനീയ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ 17തരം പ്ലാസ്റ്റിക്കുകളാണ് നീലഗിരിയിൽ നിരോധിച്ചിട്ടുള്ളത്.