പൊന്നാനി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നന്മ മനസിന്റെ കരുത്തിൽ പൊന്നാനി എരമംഗലം എ.എൽ.പി സ്കൂൾ ഹൈടെക്കാകുന്നു. ഹൈടെക് വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എ. യൂസഫലി നിർവഹിച്ചു. ഒരു കോടി രൂപയാണ് നിർമ്മാണ ചെലവ്. ഒരുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കും.
സ്കൂളിന്റെ നിർമ്മാണത്തിന് ആവശ്യമെങ്കിൽ കൂടുതൽ പണം അനുവദിക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. വേദനിക്കുന്ന മനുഷ്യരെ സഹായിക്കാൻ യൂസഫലി മടിക്കാറില്ലെന്നും വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഇരുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ സ്മാർട് ക്ളാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, കമ്മ്യൂണിക്കേഷൻ എജ്യൂക്കേഷൻ, ഓഡിറ്റോറിയം, അടുക്കള, നീന്തൽക്കുളം എന്നിവയുണ്ടാകും. എൽ.പി സ്കൂൾ ആണെങ്കിലും ഇവിടെ പ്രീപ്രൈമറി മുതൽ അഞ്ചാംക്ളാസ് വരെയുണ്ട്. പുത്തൻപള്ളി കെ.എം.എം മദ്രസ ആൻഡ് പരിപാലന കമ്മിറ്റിയുടെ കീഴിലാണ് വിദ്യാലയം.
ചടങ്ങിൽ പി.ടി.എ കമ്മിറ്റിയും ജാറം മദ്രസ പരിപാലന കമ്മിറ്റിയും ചേർന്ന് എം.എ. യൂസഫലിക്ക് ഉപഹാരം നൽകി. സുരേഷ് കാക്കനാത്ത് അദ്ധ്യക്ഷത വഹിച്ചു. വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആറ്റുണ്ണി തങ്ങൾ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് സുഹറാബാബു, ജില്ലാ പഞ്ചായത്തംഗം എം.ബി. ഫൈസൽ, എ.കെ. മുഹമ്മദുണ്ണി ഷാജി കാളിയത്തിൽ, പ്രധാന അദ്ധ്യാപിക വി. നിർമ്മല എന്നിവർ സംസാരിച്ചു.