തിരൂരങ്ങാടി: നഗരസഭയിലെ ചുള്ളിപ്പാറ ജുമാമസ്ജിദിന് സമീപത്തുള്ള യുവതി പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ചുള്ളിപ്പാറ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ആട്ടേരി അബൂബത്തറിന്റെ മകൾ സൈദ (36) ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രദേശത്ത് ആരോഗ്യ വകുപ്പിന് കീഴിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.
ഇന്നലെ രാവിലെ നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ സുജാതയുടെ അധ്യക്ഷതയിൽ ആരോഗ്യ പ്രവർത്തകരുടെയും ആശാപ്രവർത്തകരുടെയും പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ കെ.കെ.അഷറഫ് തുടർപ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് ടീമുകളായി തിരിഞ്ഞ് പ്രദേശത്തെ നൂറിലധികം വീടുകൾ സന്ദർശിക്കുകയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുകയും കൊതുകുകളുടെ ഉറവിട നശീകരണവും നടത്തി. എലിപ്പനി രോഗത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്, നോട്ടീസ് വിതരണവും നടത്തി.
പ്രദേശത്തെ മുന്നൂറിലധികം ആളുകൾക്ക് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ വിതരണം ചെയ്തു. മലിനജലവുമായുള്ള സമ്പർക്കവും കുളങ്ങളിൽ കുളിക്കുന്നതും പാടത്ത് കളിക്കുന്നതും കുട്ടികളും മുതിർന്നവരും നിർബന്ധമായും ഒഴിവാക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ എന്നും തിരൂരങ്ങാടി സെക്ഷൻ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി.ഹസി ലാൽ അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ സ്കൂളുകളിലും പള്ളികളിലും നൽകിയിട്ടുണ്ടെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളിൽ പി.എച്ച്.എൻ കെ.കെ.സരോജിനി, ജെ.എച്ച്.ഐ മാരായ വി.പ്രശാന്ത്, കെ.പി.രാജേഷ് കുമാർ, പി.പ്രദീപ് കുമാർ, പി.അബ്ദുറസാഖ് ജെ.പി.എച്ച്.എൻമാരായ പി.മിനി, ഇ.രജിന, ജാൻസി ഫെലിക്സ്, എ.പി. സൗമ്യ, എസ്.വിസ്മയ എന്നിവരും ആശാപ്രവർത്തകരും പങ്കെടുത്തു