പൊന്നാനി: കടലാക്രമണത്തിൽ നിന്ന് തീരത്തെ കാക്കാൻ ജിയോ ടെക്സ്റ്റൈൽ ബാഗുകൾ പൊന്നാനി തീരത്തെത്തി. ഒരാഴ്ചക്കകം ജിയോ ബാഗുകൾ തീരത്ത് സ്ഥാപിച്ചു തുടങ്ങും.
പൊന്നാനി മരക്കടവിലും, കാപ്പിരിക്കാട് മേഖലയിലെ രണ്ടിടങ്ങളിലുമാണ് ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക. 82 മീറ്ററുകളിലായി പത്ത് ലക്ഷം രൂപ വീതം ചെലവിലാണ് ജിയോ ബാഗുകൾ സ്ഥാപിക്കുക. പ്രവർത്തനത്തിനുള്ള ജിയോ ബാഗുകൾ ഛത്തീസ്ഗഡിൽ നിന്ന് പൊന്നാനിയിലെത്തിച്ചു. ജിയോഫാബ്രിക് ഫിൽട്ടർ തീരത്തെ മണലിൽ പതിച്ച ശേഷം ഇതിന് മുകളിലായാണ് ജിയോ വോവൺ ബാഗുകൾ സ്ഥാപിക്കുക. കാലാവസ്ഥ അനുകൂലമായാൽ അടുത്ത ആഴ്ച മുതൽ തന്നെ കടൽ തീരത്ത് ബാഗുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമാകും. മഞ്ചേരിയിലെ കരാർ കമ്പനിക്കാണ് നിർമ്മാണ ചുമതല.
കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യത്തോടെ കടൽഭിത്തിക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്. തിരമാലകൾ ബാഗിൽ പതിക്കുമ്പോൾ ശക്തി കുറയുകയും തിരമാലകൾക്കൊപ്പമുള്ള മണൽ തീരത്തേക്ക് കയറാതെ ബാഗ് തടഞ്ഞു നിറുത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറക്കുന്നതിനാൽ തീരത്തു നിന്ന് മണൽ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനും കഴിയും.ഇതോടൊപ്പം തന്നെ തീരത്ത് മാസങ്ങൾക്കകം ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കുകയും ചെയ്യും. പദ്ധതിക്ക് ആഴ്ചകൾക്ക് മുമ്പ് തന്നെ ടെണ്ടറായിരുന്നു.
അലിയാർ പള്ളി ഭാഗത്ത് നൂറു മീറ്റർ ഭാഗത്ത് 75 ലക്ഷം രൂപ ചെലവിലും, തെക്കേകടവ് ഭാഗത്ത് 175 മീറ്റർ 1,31,25000 രൂപ ചെലവിലും, ഹിളർ പള്ളി, മുറിഞ്ഞഴി എന്നിവിടങ്ങളിലായി 50 മീറ്റർ വീതം 3,75,0000 ചെലവിലുമാണ് ജിയോ ട്യൂബ് സ്ഥാപിക്കുക. 20 മീറ്റർ നീളവും മൂന്ന് മീറ്റർ വിസ്തീർണ്ണവുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ഭാഗമായി തീരത്ത് സ്ഥാപിക്കുക. രണ്ടു ട്യൂബിന് മുകളിൽ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. 4.4 മീറ്റർ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. എറണാംകുളം ചെല്ലാനത്ത് പദ്ധതി പരാജയമായതിനാൽ മാറ്റങ്ങളോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
2.81 കോടി രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കുന്നത്. പുതുപൊന്നാനി മുതൽ പൊന്നാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ അഞ്ച് കേന്ദ്രങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കുക.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്.നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താൽപര്യപ്രകാരമാണ് പദ്ധതി പൊന്നാനിയിൽ നടപ്പാക്കുന്നത്. കടലാക്രമണം രൂക്ഷമായി അനുഭവപ്പെടുന്ന മുറിഞ്ഞഴി, അബൂഹുറൈറ പള്ളി, തെക്കേകടവ്, ഹിളർ പള്ളി, അലിയാർ പള്ളി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കുക. നിലവിലുള്ള കടൽഭിത്തിക്ക് പിന്നിലായിട്ടായിരിക്കും ട്യൂബുകൾ സ്ഥാപിക്കുക. 20 വർഷത്തെ കാലദൈർഘ്യം ട്യൂബുകൾക്കുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
കടൽഭിത്തി നിർമ്മാണത്തേക്കാൾ ചിലവ് കുറവും ഗുണകരവുമായ പദ്ധതിയാണിതെന്ന അവകാശ വാദമാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ മുന്നോട്ടുവെക്കുന്നത്. നൂറ് മീറ്റർ കടൽ ഭിത്തി നിർമ്മിക്കാൻ ഒന്നര കോടി രൂപ വേണ്ടിടത്ത് ജിയോ ട്യൂബ് സ്ഥാപിക്കാൻ 55 ലക്ഷം രൂപയാണ് വേണ്ടി വരിക. അഞ്ച് കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ട്യൂബ് വിജയകരമാണെങ്കിൽ പൊന്നാനി തീരത്ത് മുഴുവനായും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്.