മലപ്പുറം: 485 കോടിയുടെ ബിറ്റ്കോയിൻ ക്രിപ്റ്റോകറൻസി തട്ടിപ്പിൽ ഡെറാഡൂണിൽ കൊല്ലപ്പെട്ട പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി അബ്ദുൾഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരൽ മുറിച്ചെടുത്തതിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കൊലപാതകത്തിന് മുമ്പോ ശേഷമോ പ്രതികൾ ഷുക്കൂറിന്റെ വിരലടയാളം എടുത്തിട്ടുണ്ടാവാമെന്ന് മാതാവ് എം.പി.സക്കീന ഡി.ജി.പിക്കു നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ: ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയവർ ആധാർ കാർഡ്, ബിസിനസ് രേഖകൾ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയും കൊണ്ടുപോയിരുന്നു. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് എടുത്തുമാറ്റി. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തിട്ടുണ്ട്. ഷുക്കൂർ മുഖേന തീർക്കേണ്ട ചില ഇടപാടുകളുണ്ടെന്നും കൂടെപ്പോയില്ലെങ്കിൽ എല്ലാ ബാദ്ധ്യതകളും ഷുക്കൂർ ഏൽക്കേണ്ടി വരുമെന്നും തട്ടിക്കൊണ്ടുപോയവർ പറഞ്ഞു. പരാതി കൊടുത്താൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കേസ് കൊടുക്കാതിരുന്നത്.
ഒരുവർഷത്തോളമായി പലരുടേയും ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും അനുവാദം കൂടാതെ പലരും വീട്ടിൽ വന്നു താമസിക്കുകയും പണമിടപാട് സംബന്ധിച്ച് പ്രശ്നങ്ങളുന്നയിക്കുകയും ചെയ്തു. ഷുക്കൂറിനെ കൊണ്ടുപോയവർ മലയാളികളായതിനാൽ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് കേരള പൊലീസ് അന്വേഷിക്കണമെന്ന് കുടുംബവും നാട്ടുകാർ രൂപീകരിച്ച ആക്‌ഷൻ കൗൺസിലും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിൽ അഞ്ചു പേരെ ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾ ഒളിവിലാണ്.
ബിറ്റ്‌കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഷൂക്കൂറിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത് സംബന്ധിച്ചാണ് കുടുംബം പരാതി നൽകിയത്. 485 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് പ്രചാരണമുണ്ടെങ്കിലും ഇതേക്കുറിച്ച് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
- യു. അബ്ദുൾ കരീം
ജില്ലാ പൊലീസ് മേധാവി, മലപ്പുറം