എടക്കര: നാടുകാണി ചുരം പാതയിൽ മലയിടിഞ്ഞ് ഗതാഗതം മുടക്കിയ വൻപാറക്കെട്ട് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊട്ടിച്ച് നീക്കാനുള്ള നടപടികൾ ആരംഭിച്ചു. പ്രവൃത്തി ഇന്നോ നാളെയോ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ഉരുളും പ്രളയവും തകർത്ത സഞ്ചാരികളുടെ ഇഷ്ടപാതയിൽ ഗതാഗതം മുടങ്ങിയിട്ട് 26 ദിവസമായി.
പാറ പൊട്ടിക്കാനുള്ള സ്ഫോടകവസ്തു കൊണ്ടുവരാനുള്ള അനുമതി ലഭിക്കാൻ വൈകിയതാണ് പാറ പൊട്ടിക്കൽ നീട്ടിയത്. തകർന്നു തരിപ്പണമായ ചുരം പാതയിൽ പാറ സ്ഫോടനം നടത്തി മാറ്റാൻ സാങ്കേതികമായും നിയമപരമായും ഒട്ടനവധി തടസങ്ങളുണ്ടായിരുന്നു. ഒടുവിൽ നിയന്ത്രിത സ്ഫോടന സംവിധാനം ഉപയോഗിക്കാൻ ധാരണയായി. കോടികളുടെ നിർമ്മാണ പ്രവർത്തനം നടന്നു വരുന്ന പാതയിൽ സ്ഫോടനം വൻ അപകടം ക്ഷണിച്ചു വരുത്തുമെന്ന വിലയിരുത്തലാണ് പാറ തകർക്കാൻ മറ്റു സംവിധാനങ്ങൾ തേടാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
കെമിക്കൽ ഉപയോഗിച്ച് പാറ പൊടിക്കാൻ ധാരണയുണ്ടായിരുന്നെങ്കിലും മൂന്നുദിവസം തുടർച്ചയായി മഴ വിട്ടു നിന്നാലേസംവിധാനം ഉപയോഗപ്രദമാകൂ എന്നതിനാൽ നടപ്പായില്ല.ചുരത്തിൽ തകരപ്പാടിക്കും തേൻപാറയ്ക്കും ഇടയിൽ മൂന്നിടത്തായാണ് വൻ പാറക്കൂട്ടം റോഡിലേക്ക് പതിച്ചത്.15 മീറ്റർ നീളവും 10 മീറ്റർ വീതിയും ഉള്ള കൂറ്റൻപാറ നിയന്ത്രിത സ്ഫോടനം വഴി പൊട്ടിച്ച് മാറ്റാൻ ചുരുങ്ങിയത് 15 ദിവസമെടുക്കുമെന്നാണ് ബന്ധപെട്ടവരുടെ വിശദീകരണം.
വിഘ്നം പെട്ടെന്ന് മാറില്ല
പാറ നീക്കിയാലും തുടർയാത്ര ദുഷ്ക്കരമാവും. ചുരത്തിലെ ജാറത്തിന് 100 മീറ്ററപ്പുറം റോഡ് നെടുകെ പിളർന്ന നിലയിലാണ്. പിളർന്ന ഭാഗത്ത് മണൽചാക്കുകൾ ഇറക്കി നിരത്തിയാണ് നാടുകാണിയിൽ നിന്നും തകരപ്പാടി വരെ ആദ്യം ചെറുവാഹനങ്ങൾ വന്നിരുന്നത്. ഇപ്പോഴതും നിലച്ച മട്ടാണ്.
നാടുകാണി- പരപ്പനങ്ങാടി പാതയുടെ വഴിക്കടവ് ആനമറി മുതൽ സംസ്ഥാന അതിർത്തി വരെയുള്ള 12 കിലോമീറ്റർ ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനിരിക്കെയാണ് ഉരുൾപൊട്ടലും പ്രളയവും പാതയെ കശക്കിയെറിഞ്ഞത്.
ചുരം പാതയുടെ നവീകരണ പ്രവൃത്തി നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് തന്നെയാണ് പാറ പൊട്ടിച്ച് നീക്കാനും ചുമതല നൽകിയത്.
വനം, പൊലീസ് വകുപ്പ് അധികാരികളുടെ സാന്നിധ്യത്തിലാണ് ചുരത്തിലെ പ്രവൃത്തി പുരോഗമിക്കുന്നത്.