മലപ്പുറം: ഓണമിങ്ങെത്തിയതോടെ നേന്ത്രക്കായയുടെ വില വലിയ തോതിൽ വർദ്ധിച്ചിട്ടും പ്രയോജനം കിട്ടാതെ ജില്ലയിലെ കർഷകർ.
പ്രളയത്തിൽ വാഴക്കൃഷിക്ക് വലിയ നാശനഷ്ടം നേരിട്ടതോടെ കർണ്ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് നേന്ത്രക്കായ ജില്ലയിലെത്തുന്നത്. ചില്ലറ വിൽപ്പനയിൽ കിലോയ്ക്ക് 50 രൂപയാണിപ്പോൾ. തിരുവോണം അടുക്കുമ്പോഴേക്കും വില 60 കടക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഒരാഴ്ച്ച മുമ്പ് വരെ 30 - 35 രൂപയ്ക്ക് ലഭിച്ച സ്ഥാനത്താണിത്.
ഓണക്കാലത്ത് ആവശ്യകത വർദ്ധിക്കുന്നതിനൊപ്പം ചിപ്സിനായി പച്ചനേന്ത്ര കൂടുതലായി ഉപയോഗിക്കുന്നതുമാണ് നിലവിലെ വിലവർദ്ധനവിന് കാരണം.
ബാങ്ക് കടങ്ങളെല്ലാം ഒരുപരിധി വരെ അടച്ചുതീർക്കാൻ ഓണ സീസൺ തുണയ്ക്കുമെന്ന കർഷകരുടെ കണക്കുകൂട്ടലിനിടയിലാണ് പ്രളയം എല്ലാമെടുത്തത്.
ജില്ലയിൽ വാഴക്കൃഷി വലിയതോതിലുള്ള വാഴക്കാട്, അരീക്കോട്, നിലമ്പൂർ മേഖലകളിലാണ് പ്രളയം കൂടുതൽ നാശനഷ്ടം വിതച്ചത്. ഒരുവാഴയ്ക്ക് 170 മുതൽ 200 രൂപ വരെ കൃഷിച്ചെലവ് വരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും കഴിഞ്ഞ പ്രളയാനന്തരം മണ്ണിന്റെ ഘടനയിലുണ്ടായ വ്യത്യാസവും വിളവ് കുറച്ചിരുന്നു.
പത്ത് കിലോയ്ക്ക് മുകളിൽ തൂക്കമുണ്ടായിരുന്ന സ്ഥാനത്തിപ്പോൾ ഏഴും എട്ടും കിലോയാണ് പരമാവധി. ഇതുതന്നെ വിപണിയിലെത്തിച്ചപ്പോൾ വില തീർത്തും കുറഞ്ഞ അവസ്ഥയിലായിരുന്നു.
നേരത്തെ വയനാട്ടിൽ നിന്നാണ് കൂടുതൽ നേന്ത്ര എത്തിയിരുന്നത്. വണ്ണം കൂടുതലുള്ള ഇവ നാടൻനേന്ത്രയുടെ അത്ര രുചികരവുമല്ല.
നാടൻ നേന്ത്രയ്ക്കാണ് ആവശ്യക്കാർ ഏറെയെങ്കിലും ഇതു കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് മലപ്പുറം നഗരത്തിലെ മൊത്തക്കച്ചവടക്കാർ പറയുന്നു.
പ്രളയച്ചതി
ജൂലൈയിൽ മൊത്തവിപണിയിൽ നേന്ത്രക്കായയുടെ വില കിലോയ്ക്ക് 18 - 20 രൂപ വരെയായി താഴ്ന്നിരുന്നു.
ഈ സമയത്ത് നഷ്ടം സഹിച്ച ജില്ലയിലെ കർഷകരെ പിന്നാലെയെത്തിയ പ്രളയം പൂർണ്ണമായും കടക്കാരാക്കി.
പ്രളയത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് വാഴക്കൃഷിക്കാണ്.
നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കൃഷി വകുപ്പിന്റെ നടപടിക്രമങ്ങൾ നീണ്ടുപോവുന്നതും കർഷകരുടെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്..