മലപ്പുറം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പുതിയ മെമ്പർ എത്തിയതോടെ ഈമാസം 16 മുതൽ പരാതികളിൽ സിറ്റിംഗ് തുടങ്ങും. തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ തുടർനടപടികൾ ഇനി വേഗത്തിലാവും. എട്ട് മാസമായി മെമ്പർമാരുടെ കസേര ഒഴിഞ്ഞ് കിടന്നതോടെ ഉപഭോക്തൃ ഫോറത്തിന്റെ പ്രവർത്തനം മുടങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ 572 കേസുകളാണ് കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സി. പ്രീതി ശിവരാമൻ മെമ്പറായി ചുമതലയേറ്റത്.
ജില്ലാ ഫോറം പ്രസിഡന്റും രണ്ട് മെമ്പർമാരുമടക്കം മൂന്നുപേരാണ് മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഉപഭോക്തൃ ഫോറത്തിലുള്ളത്. രണ്ട് മെമ്പർമാരുടെ കാലാവധി ഡിസംബറിൽ കഴിഞ്ഞെങ്കിലും പകരം നിയമനം നീണ്ടുപോയി. പ്രസിഡന്റും ഒരു മെമ്പറുമുണ്ടെങ്കിലേ സിറ്റിംഗ് നടത്തി വിധി പറയാനാവൂ. ക്വാറം തികയാതെയുള്ള വിധിക്ക് നിയമസാധുതയില്ല. ഇതോടെ കേസുകൾ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. മൂന്ന് മാസത്തിനകം പരാതിയിൽ തീർപ്പുണ്ടാക്കണമെന്നാണ് നിയമം. വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്നതാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ പ്രത്യേകത. 20 ലക്ഷം രൂപ കവിയാത്ത പരാതികൾ ജില്ലാ ഉപഭോക്തൃ കോടതിലും ഒരുകോടി വരെയുള്ളവ സംസ്ഥാന കമ്മിഷനിലും ഇതിന് മുകളിൽ ദേശീയ കമ്മിഷനിലുമാണ് പരാതി നൽകേണ്ടത്.
അവകാശം സംരക്ഷിക്കേണ്ടതിങ്ങനെ
മലപ്പുറം ജില്ലയിൽ മെമ്പറുടെ ഒഴിവ് നികത്തപ്പെട്ടതോടെ പരാതികളിൽ തുടർനടപടികൾ വേഗത്തിലാവും.
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാരഫോറം അധികൃതർ