മലപ്പുറം: ഭൗമസൂചികാപദവിക്ക് പിന്നാലെ തിരൂർ വെറ്റിലയെ വീണ്ടും വിദേശ വിപണിയിലെത്തിക്കാൻ കർഷക കൂട്ടായ്മയായ തിരൂർ വെറ്റില ഉത്പാദക സംഘം നീക്കം തുടങ്ങി. തുടർനടപടിക്കായി വൈകാതെ കേന്ദ്ര സർക്കാരിനെ സമീപിക്കും.
നേരത്തെ പാക്കിസ്ഥാനിലേക്ക് വലിയതോതിൽ തിരൂർ വെറ്റില കയറ്റിയയച്ചിരുന്നു. ഭംഗി, എരിവ്, കനംകുറവ്, ഔഷധ ഗുണം എന്നിവയിൽ മുന്നിലാണെന്നതിനാൽ മുറുക്കുന്നവരുടെ പ്രിയ ഇനമായിരുന്നു തിരൂർ വെറ്റില. നയതന്ത്ര പ്രശ്നങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി നിന്നു. വെറ്റിലയ്ക്ക് ഏറെ ആവശ്യക്കാരുള്ള ബംഗ്ലാദേശിനെയാണ് ഇനി പ്രധാനമായും ലക്ഷ്യമിടുക. ഇതിനൊപ്പം ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് അയക്കുന്നത് വർദ്ധിപ്പിക്കും. ആഗസ്റ്റ് 17നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചികാ പദവി തിരൂർ വെറ്റിലയ്ക്ക് ലഭിച്ചത്. കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെല്ലാണ് പദവി നേടിയെടുക്കാൻ പരിശ്രമിച്ചത്. ഭൗമസൂചികാ പദവി പ്രഖ്യാപനം ഈമാസം 30ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.
ജില്ലയിൽ നിലമ്പൂർ തേക്കിനും തിരൂർ വെറ്റിലയ്ക്കുമാണ് ഭൗമ സൂചികാപദവി ലഭിച്ചിട്ടുള്ളത്. പാലക്കാടൻ മട്ട, ആറന്മുള കണ്ണാടി, ആലപ്പുഴ കയർ പോലെ ഭൗമസൂചികാ പദവിയിലൂടെ ലോകവിപണിയിലടക്കം കൂടുതൽ സ്വീകാര്യത കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് വെറ്റില കർഷകർ. തിരൂർ, താനൂർ, ചെമ്മാട്, വളാഞ്ചേരി, ആതവനാട്, വേങ്ങര, കോട്ടയ്ക്കൽ, ഒതുക്കുങ്ങൽ മേഖലകളിലായി 5,000 കർഷകരാണ് കൃഷിവകുപ്പിന്റെ കണക്കുപ്രകാരമുള്ളത്. ഇതിലും കൂടുതൽ കർഷകരുണ്ടെന്ന് തിരൂർ വെറ്റില ഉത്പാദക സംഘം പറയുന്നു.
തിരിച്ചുപിടിക്കണം പ്രതാപം
ഇടനിലക്കാരുടെ ചൂഷണം മൂലം ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാതെ വന്നതോടെ തിരൂർ വെറ്റിലയുടെ പ്രതാപം മങ്ങിയിട്ടുണ്ട്. പരമ്പരാഗത കർഷകർ മാത്രമാണ് മേഖലയിൽ തുടരുന്നത്. നൂറ് വെറ്റിലകളടങ്ങുന്ന ഒരുകെട്ടിന് 100 രൂപ കിട്ടിയിരുന്ന സ്ഥാനത്തിപ്പോൾ 20 രൂപയാണ് ലഭിക്കുന്നത്. മൂന്ന് മാസം മുമ്പ് 70 രൂപ ലഭിച്ചിരുന്നു. വിലയിൽ മിക്കപ്പോഴും സ്ഥിരതയില്ല. 50 രൂപയെങ്കിലും കിട്ടിയാലേ മുന്നോട്ടുപോകാനാവൂ എന്ന് കർഷകർ പറയുന്നു. മൺസൂണിൽ ഉത്പാദനം വലിയതോതിൽ കൂടിയതോടെ ഏജന്റുമാർ വെറ്റില വില കുത്തനെ കുറയ്ക്കുകയായിരുന്നു. നേരത്തെ തിരൂർ, തുവക്കാട്, വളാഞ്ചേരി എന്നിവിടങ്ങളിൽ വെറ്റിലച്ചന്തകൾ ഉണ്ടായിരുന്നെങ്കിൽ നിലവിൽ കൽപ്പകഞ്ചേരിയിലും കോട്ടയ്ക്കലിലും ആഴ്ച്ചച്ചന്തകളാണുള്ളത്. കയറ്റുമതിക്കാർ ഏജന്റുമാർ മുഖേനയാണ് വെറ്റില ശേഖരിക്കുന്നത്.
കർഷകരുടെ ആവശ്യങ്ങൾ
മുഴുവൻ കർഷകരെയും വെറ്റില ഉത്പാദക സംഘത്തിന് കീഴിൽ കൊണ്ടുവരും. തിരൂർ താലൂക്കിൽ ഇതുസംബന്ധിച്ച യോഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും കർഷക കൂട്ടായ്മയുണ്ടാക്കും. ഇടനിലക്കാരെ ഒഴിവാക്കി കർഷകസംഘം വഴിയാവും വെറ്റില വിൽപ്പന.
പറമ്പാട്ട് ഷാഹൂർ ഹമീദ്, തിരൂർ വെറ്റില ഉത്പാദക സംഘം ഭാരവാഹി
ഭൗമസൂചികാപദവിയിലൂടെ കർഷകർക്ക് മികച്ച അവസരമാണ് കൈവന്നിട്ടുള്ളത്. പദവിയെ മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാൽ വലിയ നേട്ടമാവും ഉണ്ടാവുക. ഇതിന് കർഷക കൂട്ടായ്മയുടെ നിരന്തര പരിശ്രമം അനിവാര്യമാണ്.
ഡോ. പി.ആർ എൽസി, കാർഷികർ സർവകലാശാല ബൗദ്ധിക സ്വത്തവകാശ വിഭാഗം മേധാവി