മലപ്പുറം: കഥകളി ആചാര്യൻ കോട്ടയ്ക്കൽ ചന്ദ്രശേഖര വാര്യർ (75) അന്തരിച്ചു. കുറച്ചുനാളുകളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേന്ദ്ര നാടക അക്കാദമി അവാർഡ്, കലാമണ്ഡലം ഫെല്ലോഷിപ്പ് എന്നിവയടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. വിദേശങ്ങളിലടക്കം നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചു. 1945 ജനുവരി 15ന് പാലക്കാട് നടുവട്ടത്തെ എം.എം. കുമാരസ്വാമി ഭട്ടതിരിപ്പാടിന്റെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ചു. 1958ൽ കോട്ടയ്ക്കൽ പി.എസ്.വി നാട്യസംഘത്തിൽ ചേർന്ന് കഥകളി പഠനം തുടങ്ങി. വാഴേങ്കട കുഞ്ചുനായർ, കോട്ടയ്ക്കൽ കൃഷ്ണൻകുട്ടി നായർ എന്നിവരാണ് പ്രധാന ഗുരുക്കൻമാർ. ഗുരുകുല സമ്പ്രദായത്തിൽ കഥകളി അഭ്യസിച്ച അദ്ദേഹം പച്ച, കത്തി തുടങ്ങിയ ഒട്ടുമിക്ക വേഷങ്ങളും കൈകാര്യം ചെയ്തു. 1996 മുതൽ നാട്യസംഘത്തിന്റെ പ്രിൻസിപ്പലാണ്. സംസ്‌കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കോട്ടയ്ക്കലിൽ നടക്കും. ഭാര്യ: സുശീല. മക്കൾ: ജിതേഷ്, ഡോ. ജ്യോത്സന.