kdkdk

നിലമ്പൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകളുമായി നാലു പേരെ വനം വിജിലൻസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് കുട്ടത്തി തൊട്ടിക്കുളവൻ നിതിൻഷാ (23), പത്തനംതിട്ട കലഞ്ഞൂർ ഷാജി ഭവനിൽ ഷാനു (28), കൊല്ലം ശൂരനാട് ആനയടി ബ്രഹ്മാലയത്തിൽ സുമേഷ് (28), മലപ്പുറം പാലോളിപ്പറമ്പ് ആനങ്ങാട് ചിനക്കാട്ടിൽ വീട്ടിൽ മുഹമ്മദ് സാഹിം (21) എന്നിവരെയാണ് നിലമ്പൂർ വനം വിജിലൻസ് വിഭാഗം റെയ്ഞ്ച് ഓഫീസർ എം. രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനക്കൊമ്പ് വാങ്ങാനെത്തിയ ഏതാനും പേർ കാറിൽ രക്ഷപ്പെട്ടു. ആനക്കൊമ്പുകൾ കടത്താൻ ഉപയോഗിച്ച ആഡംബര കാർ പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അധികൃതർ പറയുന്നതിങ്ങനെ- രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലായിരുന്ന പ്രതികളെ പെരിന്തൽമണ്ണയിലെ റെഡിമെയ്ഡ് വസ്ത്രാലയം വളഞ്ഞാണ് പിടികൂടിയത്. ഇവിടെ വച്ച് ആനക്കൊമ്പുകൾ വിൽക്കാനായിരുന്നു ശ്രമം. നിതിൻഷായ്ക്ക് കരുവാരക്കുണ്ടിലെ വനമേഖലയിൽ നിന്നാണ് ആനക്കൊമ്പുകൾ ലഭിച്ചതെന്നാണ് മൊഴി.സുമേഷും ഷാനുവുമാണ് ആനക്കൊമ്പ് വാങ്ങാനെത്തിയവർക്ക് നിതിൻഷായുടെ നമ്പർ നൽകിയത്. കമ്മിഷൻ വാഗ്ദാനം ചെയ്തതിനെ തുടർന്നായിരുന്നു ഇത്. ഷാനുവും സുമേഷും പ്രവാസികളാണ്. ബുധനാഴ്ച രാത്രിയാണ് ഇരുവരും നാട്ടിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടത്. മുഹമ്മദ് സാഹിം പെരിന്തൽമണ്ണയിലെ റെഡിമെയ്ഡ് ഷോപ്പ് ഉടമയാണ്. നിതിൻഷാ സഹപാഠിയാണെന്നും എന്നാൽ കച്ചവടത്തിന് ആനക്കൊമ്പുകളുമായാണ് വരുന്നതെന്ന് അറിയുമായിരുന്നില്ലെന്നും മുഹമ്മദ് സാഹിം പറഞ്ഞു.

രണ്ട് ആനക്കൊമ്പുകൾക്കും കൂടി 10.470 കിലോഗ്രാം തൂക്കമുണ്ട്.ഒന്നിന് 5.490 കിലോഗ്രാമും രണ്ടാമത്തേതിന് 4.980 കിലോഗ്രാമുമാണ് തൂക്കം.

രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.