maadam
​മാടം കോളനിയിലേക്ക് മ​ല​മു​ക​ളി​ൽ​ ​നി​ന്ന് ​രാ​ത്രി​ ​പാ​റ​ക​ളും മറ്റും അട‌ർന്നു വീണപ്പോൾ

മമ്പാട്: പുളളിപ്പാടം വില്ലേജിലെ മാടം ആദിവാസി കോളനി ഉരുൾപൊട്ടൽ ഭീഷണിയിൽ.കനത്ത മഴക്കിടെ മലമുകളിൽ നിന്നു രാത്രി കൂറ്റൻ പാറകൾ അടർന്നു വീണു.അപകടാവസ്ഥയെ തുടർന്നു കോളനി നിവാസികളെ മുഴുവൻ മാറ്റിപ്പാർപ്പിച്ചു.
മാട്ടപ്പാറ മലയുടെയുടെ ചരിവിലാണ് കോളനി. 52 കുടുംബങ്ങളാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് 500 അടി ഉയരത്തിൽ നിന്നു വലിയ ശബ്ദം പാറകൾ അടർന്നു വീണതെന്ന് മൂപ്പൻ സുന്ദരൻ പറഞ്ഞു.3 കീലോമീറ്റർ അകലെ വീട്ടിക്കുന്ന്, പാലക്കടവ് വരെ ശബ്ദം കേട്ടു വിവരം അറിയാൻ ആളുകളെത്തി.അപ്പോഴേക്കും ബഹളം വച്ച് അപായ സന്ദേശം നൽകി എല്ലാവരും സുരക്ഷിത സ്ഥാനത്തേക്കു മാറി അടർന്നുവന്ന പാറകൾ 200 അടി ദൂരമെത്തിയപ്പോഴേക്കും മരങ്ങളിൽ തടഞ്ഞു നിന്നു. അല്ലായിരുന്നെങ്കിൽ താഴ്ഭാഗത്തെ നാരായണൻ, മോഹനൻ, ഗിരീഷ്, ബാബു,.കളരി തുടങ്ങിയവരുടെ വീടുകൾ അപകടത്തിൽപ്പെടുമായിരുന്നു.
ഭീമൻ പാറകൾ മലമുകളിൽ അടർന്നു നിൽപ്പുണ്ട്.കനത്ത മഴ ഉണ്ടായാൽ ഏതു സമയവും വീഴുന്ന നിലയാണ്.കഴിഞ്ഞ വർഷം പ്രദേശത്ത് ഉരുൾപൊട്ടി വൻ നാശമുണ്ടായി 8 വർഷം മുമ്പ് ഉരുൾപൊട്ടലിൽ കളരിയുടെ വീടു തകർന്നു.കളരിയും മകൻ കുട്ടനും മലവെള്ളപ്പാച്ചിലിൽ ഒലിച്ചപോയെങ്കിലും മരക്കൊമ്പിൽ പിടിച്ചു രക്ഷപെട്ടു.കഴിഞ്ഞ വർഷം മലവാരത്തിന്റ മറുഭാഗത്ത് ഓടക്കയത്ത് ഉരുൾപൊട്ടി ജീവാപായമുണ്ടായി.
മഴക്കാലത്ത് ഭീതി മൂലം കോളനിയിൽ ആർക്കും ഉറക്കമില്ലെന്ന് മൂപ്പൻ പറഞ്ഞു.
പഞ്ചായത്ത്, റവന്യു പൊലീസ് അധികൃതർ സ്ഥലം സന്ദർശിച്ചു.കമ്യൂണിറ്റി ഹാളിലേക്കാണ് എല്ലാവരെയും മാറ്റിപ്പാർപ്പിച്ചത്. ഭൗമ ശാസ്ത്ര വിഭാഗം പരിശോധനക്ക് ഇന്നെത്തും.