തവനൂർ: കാലടി പോത്തനൂർ - പൊറൂക്കര റോഡിലെ കുഴിയടക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ സ്ഥാപിച്ച മരക്കുറ്റി അപകടത്തിന് വഴിവെക്കുന്നു. റോഡിന്റെ നടുവിൽ കുഴിയുള്ളിടത്ത് ഉണങ്ങിയ തെങ്ങിന്റെ കുറ്റിയാണ് വെച്ചത്. ഇവിടം റോഡിന് വളവാണെന്നതും തെരുവ് വിളക്ക് ഇല്ലാത്തതും ഇരുവശങ്ങളും വെള്ളം നിറഞ്ഞുനിൽക്കുന്ന പാടങ്ങളുള്ളതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. രാത്രിയിൽ യാത്രക്കാർ വളവ് തിരിഞ്ഞുവരുമ്പോൾ മരക്കുറ്റിയിടിലിച്ച് അപകടമുണ്ടാവാനുള്ള സാദ്ധ്യതയും ഏറെയാണ്.
സാധാരണ ഇത്തരം പ്രതിഷേധങ്ങൾ നടത്തുമ്പോൾ ചുവന്ന തുണിയോ, റിഫ്ളക്ടറോ അപായ സൂചനയ്ക്കായി വെയ്ക്കാറുണ്ടെങ്കിലും ഇവിടെ ഒഴിഞ്ഞ സിമന്റ് ചാക്കാണ് മരക്കുറ്റിയുടെ മീതെ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂട്ടർ യാത്രക്കാരൻ ഈ മരക്കുറ്റിയിൽ തട്ടിവീണിരുന്നു.