nadukaani
നാടുകാണി ചുരം റോഡിൽ വീണ കൂറ്റൻപാറകൾ

എടക്കര: മഴ തടസ്സമായതോടെ അന്തർസംസ്ഥാന പാതയായ നാടുകാണി ചുരത്തിൽ പതിച്ച വൻപാറക്കെട്ട് പൊട്ടിച്ച് നീക്കൽ ഇനിയും വൈകും. 15 മീറ്റർ നീളവും 10 മീറ്റർ വീതിയും ഉള്ള കൂറ്റൻപാറ നിയന്ത്രിത സ്ഫോടനം വഴി രണ്ടാഴ്ചക്കകം പൊട്ടിച്ചു നീക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. വിദഗ്ദരടക്കമുള്ള 15 തൊഴിലാളികൾ ഉൾപ്പെട്ട സംഘം മൂന്ന് ദിവസങ്ങളായി പാറ നീക്കാനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ഇടതടവില്ലാതെ പെയ്യുന്ന മഴ പ്രവൃത്തിക്ക് തടസ്സം നിൽക്കുന്നു. നിയന്ത്രിത സ്‌ഫോടന സംവിധാനം ഉപയോഗിച്ച് പാറപൊട്ടിക്കാൻ നാല് ദിവസം മുമ്പാണ് സർക്കാർ തലത്തിൽ ധാരണയായത്. ഉരുളും പ്രളയവും തകർത്ത സഞ്ചാരികളുടെ ഇഷ്ടപാതയിൽ ഗതാഗതം മുടങ്ങിയിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. പാറ പൊട്ടിക്കാനുള്ള സ്‌ഫോടകവസ്തു കൊണ്ടുവരാനുള്ള അനുമതി ലഭിക്കാൻ വൈകിയതാണ് പാറ പൊട്ടിക്കൽ തടസപ്പെടാൻ കാരണമായത്. ചുരം പാതയിൽ പാറ സ്‌ഫോടനം നടത്തി മാറ്റുന്നതിന് സാങ്കേതികമായും നിയമപരമായും ഒട്ടനവധി തടസ്സങ്ങളുണ്ടായിരുന്നു. കോടികളുടെ നിർമാണ പ്രവർത്തനം നടന്നു വരുന്ന പാതയിൽ പാറ സ്‌ഫോടനം നടത്തുന്നത് വൻഅപകടം ക്ഷണിച്ചു വരുത്തും എന്നായിരുന്നു അധികാരികളുടെ വിലയിരുത്തൽ. തുടർന്ന് കെമിക്കൽ ഉപയോഗിച്ച് പാറയെ പൊടിച്ചു മാറ്റാനുള്ള ശ്രമം നടന്നു. ഇവിടെയും മഴ വില്ലനായി. മൂന്ന് ദിവസം തുടർച്ചയായി മഴ വിട്ടുനിന്നാൽ മാത്രമേ ഈ സംവിധാനം ഉപയോഗപ്രദമാകൂ എന്ന കണ്ടെത്തലോടെയാണ് നിയന്ത്രിത സ്‌ഫോടന സംവിധാനത്തിലേക്ക് തിരിഞ്ഞത്.

മഴമാറി നിൽക്കണം മഴ വിട്ടുനിന്നാലെ പ്രവൃത്തി പുരോഗമിക്കൂ. ചുരത്തിൽ തകരപ്പാടിക്കും തേൻപാറയ്ക്കും ഇടയിൽ മൂന്നിടത്തായാണ് വൻപാറക്കൂട്ടം റോഡിലേക്ക് പതിച്ചത്. ചുരത്തിലെ ജാറം പിന്നിട്ട് 100 മീറ്ററിനപ്പുറം റോഡ് നെടുകെ പിളർന്ന നിലയിലാണ്. പിളർന്ന ഭാഗത്ത് മണൽചാക്കുകൾ ഇറക്കി നിരത്തിയാണ് നാടുകാണിയിൽ നിന്നും തകരപ്പാടി വരെ ആദ്യം ചെറുവാഹനങ്ങൾ വന്നിരുന്നത്. എന്നാൽ ഇപ്പോൾ അതും നിലച്ച മട്ടാണ്. നാടുകാണി പരപ്പനങ്ങാടി പാതയുടെ വഴിക്കടവ് ആനമറി മുതൽ സംസ്ഥാന അതിർത്തി വരെയുള്ള 12 കിലോമീറ്റർ ഒക്ടോബറിൽ കമ്മീഷൻ ചെയ്യാനിരിക്കെകെയാണ് ഉരുളും പ്രളയവും പാതയെ കശക്കിയെറിഞ്ഞത്.