പൊന്നാനി: നഗരസഭയിലെ ജനമനസറിയാൻ സമഗ്രമായ ആരോഗ്യ മാപ്പിംഗിന് തുടക്കമായി. പ്രാദേശിക സമൂഹത്തിന്റെ ജീവിതത്തെ സമഗ്രമായി വിലയിരുത്താനുള്ള ഒരു പദ്ധതിയ്ക്കാണ് ഇതുവഴി തുടക്കമായത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം ഇത്തരത്തിൽ സമഗ്രമായ മാനസിക ആരോഗ്യ പഠനം നടത്തുന്നത്.
ലോകപ്രശസ്തമായ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി, തൃശ്ശൂരിലെ ഇൻമൈൻഡ്, ഓപ്പൺമൈൻഡ് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകർ പൊന്നാനി നഗരസഭയുമായി ചേർന്നാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ നഗരസഭയിലെ 51 വാർഡുകളിലും സമഗ്രമായ മാപ്പിംഗ് തുടങ്ങിയിരുന്നു. പരിശീലനം ലഭിച്ച വാർഡ് കൗൺസിലർമാർ, വിദ്യാർത്ഥികളും അംഗൻവാടി, ആശ വർക്കർമാരും ഉൾപ്പെടുന്ന പ്രവർത്തകരുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുന്നത്. ഒരുവാർഡിൽ നിന്നും 25 വീടുകളെയാണ് പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. പരിശീലനം സിദ്ധിച്ചവർ ഓരോ വീട്ടിലും മണിക്കുറുകൾ സമയമെടുത്താണ് പഠനം നടത്തുന്നത്.സർവ്വേയിയിൽ പങ്കെടുക്കുന്നവർക്കായി ശനിയാഴ്ച പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. വിവിധ വിദ്യാലയങ്ങളിലെ വളണ്ടിയർമാർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ സർവ്വേക്ക് നേതൃത്വം നൽകി.
സ്വകാര്യത സംരക്ഷിക്കും
മനുഷ്യജീവിത സാഹചര്യങ്ങളിലെ വിവിധ മേഖലയിൽ നിന്നും ആഴത്തിലുള്ള സമഗ്രമായ ചോദ്യങ്ങളാണ് മാപ്പിംഗ് ചോദ്യാവലിയിലുള്ളത്. സർവ്വേയുടെ ഉള്ളടക്കത്തിൽ രഹസ്യ സ്വഭാവം നിലനിർത്തും. ചോദ്യത്തെ അഭിമുഖീകരിക്കപ്പെടുന്നവരുടെ സ്വകാര്യത മാനിച്ചായിരിക്കും പഠന ഫലം പ്രസിദ്ധീകരിക്കുക. സർവ്വേ നടത്തിയതിന് ശേഷം ആഗോള തലത്തിൽ പ്രഗൽഭരായവർ വിശകലനം നടത്തിയാണ് ഫലം പ്രസിദ്ധീകരിക്കും.