തിരൂരങ്ങാടി: അനേകായിരം വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകർന്ന്, ഭക്തി നിർഭരമായ പ്രാർത്ഥനയോടെ 181ാം മമ്പുറം ആണ്ടുനേർച്ചയ്ക്ക് കൊടിയിറങ്ങി. ഖുഥ്ബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ ആത്മീയ സാന്നിധ്യം തേടി നാടിന്റെ വിവിധ ദിക്കുളിൽ നിരവധി തീർത്ഥാടകരാണ് മമ്പുറത്തെത്തിയത്.
നേർച്ചയുടെ പ്രധാന ചടങ്ങായ അന്നദാനം സ്വീകരിക്കാൻ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി തീർത്ഥാടകർ പുലർച്ചെ മുതൽ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്ച്ചോർ പാക്കറ്റുകൾ വാങ്ങാൻ കീലോമീറ്ററുകളോളം തീർത്ഥാടകർ വരിനിൽകേണ്ടി വന്നു. രാവിലെ നേരിയ മഴയുണ്ടായിരുന്നുവെങ്കിലും പിന്നീട് കാലവാസ്ഥ അനുകൂലമായത് തീർത്ഥാടകർക്ക് ഏറെ ആശ്വാസമായി. തിരൂരങ്ങാടിയിലെയും സമീപ സ്റ്റേഷനുകളിലേയും നൂറിലധികം നിയമപാലകരും ട്രോമാകെയർ വളണ്ടിയർമാരും പ്രദേശവാസികളും എസ്.കെ.എസ്.എസ്.എഫ് വളണ്ടിയേഴ്സും ചേർന്നാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സംവിധാനിച്ച കൗണ്ടറുകളിലായി നടന്ന അന്നദാനത്തിന് ഒരുലക്ഷത്തിലേറെ പാക്കറ്റുകളാണ് തയ്യാറാക്കിയത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച അന്നദാനം മൂന്ന് മണിവരെ നീണ്ടു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചാലിൽ ബശീറിന് നൽകി അന്നദാനം ഉദ്ഘാടനം ചെയ്തു.അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, കെ.എം സൈദലവി, യു.ശാഫി, കെ.പി ശംസുദ്ദീൻ, സി.കെ മുഹമ്മദ്, ഹംസ മൂന്നിയൂർ, കബീർ കുണ്ടൂർ, ഇബ്രാഹീം തയ്യിലക്കടവ്, അബ്ദുല്ല ഓമച്ചപ്പുഴ, വരമ്പനാലുങ്ങൽ ഹസ്സൻ, എ.പി അബ്ദുൽമജീദ്, എം.ഇബ്രാഹീം, പി.ടി അഹ്മദ്, എ.കെ മൊയ്തീൻ കുട്ടി സംബന്ധിച്ചു.
ഉച്ചയ്ക്ക് ശേഷം മഖാമിൽ നടന്ന ഖുർആൻ ഖത്മ് ദുആ സദസ്സോടെയാണ് നേർച്ചയ്ക്ക് ഔദ്യോഗികമായി കൊടിയിറങ്ങിയത്. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്. ഇബ്രാഹീം ഫൈസി തരിശ്, ഹസ്സൻ കുട്ടി ബാഖവി , അലി മൗലവി ഇരിങ്ങല്ലൂർ, സി. യൂസുഫ് ഫൈസി , അബ്ദുൽ ഖാദിർ ഫൈസി അരിപ്ര, അബ്ദുൽ വാഹിദ് മുസ്ലിയാർ സംബന്ധിച്ചു.