മലപ്പുറം: കനത്ത മഴയിൽ പുന്നപ്പുഴ കര കവിഞ്ഞൊഴുകി പുസ്തകങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ട എടക്കര ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ലൈബ്രറിക്ക് മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥികൾ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ഗവ.കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടപ്പാക്കി വരുന്ന 'ഞങ്ങളുണ്ട് കൂടെ ' പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ പുസ്തകങ്ങൾ സമ്മാനിച്ചത്. ഒരു വളണ്ടിയർ മൂന്ന് പുസ്തകങ്ങൾ എന്ന കണക്കിന് ഡിഗ്രി ഒന്നാം വർഷക്കാരായ 100 വിദ്യാർത്ഥികൾ കഥ , കവിത, നോവൽ, ജീവ ചരിത്രം, സഞ്ചാര സാഹിത്യം, ബാല സാഹിത്യം, മത്സര പരീക്ഷാസഹായികൾ, ഡിക്ഷനറികൾ തുടങ്ങി വൈവിദ്ധ്യമാർന്ന 300 പുസ്തകങ്ങളാണ് ശേഖരിച്ചത്.
പ്രോഗ്രാം ഓഫീസർ പ്രൊഫ. ഹസനത്തിൽ നിന്ന് സ്കൂൾ പ്രിൻസിപ്പൽ ബി.നാരായണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ മൊയ്തീൻ കുട്ടി കല്ലറ, വളണ്ടിയർ സെക്രട്ടറിമാരായ അഞ്ജലി മോഹൻദാസ്, അംന.എം , ആസിഫലി.എൻ, നസീം അഹമ്മദ് നേതൃത്വം നൽകി .എടക്കര സ്കൂൾ അദ്ധ്യാപകരായ റീജ , രഞ്ജിനി. ജെ.എസ് , കെ.എം.നൗഷാദ്., കെ.അഷ്റഫ്, കെ.അബ്ദുസ്സമദ് സംസാരിച്ചു .