മലപ്പുറം: ജില്ലയിലുണ്ടായ ഉരുൾപൊട്ടലിന് കാരണം കാലാവസ്ഥ വ്യതിയാനമാണെന്നതിനാൽ ക്വാറികൾക്കെതിരായുള്ള വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന് കരിങ്കൽ ക്വാറി ക്രഷർ സംയുക്ത സമിതി സംഘടിപ്പിച്ച ജില്ലാ സെമിനാർ അഭിപ്രായപ്പെട്ടു.സാധാരണ വളരെ ചെറിയ തോതിൽ മാത്രം മഴ ലഭിക്കുന്ന നിലമ്പൂരിലും ജില്ലയിലും ഇത്തവണ ലഭിച്ചത് വലിയ തോതിലുള്ള മഴയാണ്. മണിക്കൂറുകളോളം നിലയ്ക്കാതെ പെയ്ത ഈ മഴ മണ്ണിനെ കുതിർക്കുകയും അത് ഒലിച്ചിറങ്ങിയതുമാണ് ഉരുൾപൊട്ടലിന് കാരണമായത്. സാധാരണ ഖനന പ്രവർത്തനങ്ങൾ ഉരുൾപൊട്ടലിന് കാരണമാവാറില്ല. പാരിസ്ഥിതിക നിയമങ്ങൾക്കനുസൃതമായും ആഘാത പഠനങ്ങൾക്ക് ശേഷവുമാണ് ക്വാറികൾക്ക് സർക്കാർ അനുമതി നൽകുന്നത്. ഖനന പ്രവർത്തനം ശാസ്ത്രീയമായ രീതിയിലുമാണ്. പ്രകൃതി ദുരന്തമുണ്ടാവുമ്പോഴേക്കും ക്വാറികൾക്ക് നിരോധനമേർപ്പെടുത്തുകയല്ല, ശാസ്ത്രീയമായ മുൻകരുതലും നിയന്ത്രണങ്ങളുമാണ് വേണ്ടതെന്നും ക്വാറികൾക്കെതിരായ ഈ നീക്കം സമൂഹത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ എന്നും സെമിനാറിൽ വിദദ്ധർ പറഞ്ഞു. സെമിനാറിൽ കരിങ്കൽ ക്വാറിക്രഷർ സംയുക്ത സമിതി ചെയർമാൻ കെ.എം കോയാമു അദ്ധ്യക്ഷത വഹിച്ചു. ജൈവവൈവിദ്ധ്യ വകുപ്പ് വിദഗ്ദ്ധൻ ഡോ. പി.എസ് ഈസ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരള പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടർ പി.ശ്രീകണ്ഠൻ നായർ വിഷയാവതരണം നടത്തി. റിട്ട.സീനിയർ ജിയോളജിസ്റ്റ് ഡോ. നാസർ അഹമ്മദ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് ഇസ്മായിൽ, ചാർട്ടേർഡ് എൻജിനീയർ ഡോ.യു.എ ഷബീർ, സാമൂഹ്യ പ്രവർത്തകൻ ടെഡി അട്ടപ്പാടി, ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സൈനുദ്ദീൻ പത്തിരിപ്പാല എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദുരന്തഭൂമിയിൽ സേവനം അനുഷ്ഠിച്ച ക്വാറിക്രഷർ മേഖലയിലെ ഉടമകളെയും തൊഴിലാളികളെയും ആദരിച്ചു. എടക്കര സി.ഐ മനോജ് പറയട്ട ഉദ്ഘാടനം ചെയ്തു. ആൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.കെ അലി മൊയ്തീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. സി. അബ്ദുന്നാസർ, എം.എ റസാഖ്, കെ.എം അക്ബർ, അഡ്വ.ഫസലുൽ ഹഖ്, മുഹമ്മദ് ബാപ്പു,പി.പി റഹ്മാൻ, എ.ബീരാൻ കുട്ടി എന്നിവർ പ്രസംഗിച്ചു.