പൊന്നാനി: മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി മത്സരത്തിന് ഇനി രണ്ട് ദിവസം മാത്രം. വള്ളംകളിയുടെയും പൂർത്തിയാക്കിയ പവലിയൻ നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി ഡോ.കെ.ടി ജലീൽ, ഇ ടി മുഹമ്മദ് ബഷീർ എം പി, കളക്ടർ ജാഫർ മാലിക് എന്നിവർ പങ്കെടുക്കും.
കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായൽ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകൾ. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന വള്ളംകളി ഇത്തവണ ജനകീയ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്. പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവിടങ്ങളിൽ നിന്നായി പത്ത് മേജർ വള്ളങ്ങളും പതിമൂന്ന് മൈനർ വള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കുന്നത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ മാറ്റി വച്ചിരുന്നു. ടൂറിസം വകപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ചുണ്ടൻ വള്ളങ്ങളുടെ മത്സരം ഒക്ടോബർ 19 ന് ബിയ്യം കായലിൽ നടക്കുന്നുണ്ട്. കഴിഞ്ഞ തവണയും പ്രളയ ദുരന്തത്തെ തുടർന്ന് വള്ളംകളി ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിയിരുന്നു. ഇത്തവണ ജലോത്സവം കൊഴുപ്പിക്കുന്നതിനായി പല ക്ലബുകളും വലിയ തുക മുടക്കി പുതിയ വള്ളങ്ങൾ വാങ്ങിയിരുന്നു. ഇത്തവണയും ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ക്ലബുകളുടെയും നാട്ടുകാരുടെയും ആവശ്യത്തെത്തുടർന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും നഗരസഭ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞിയുടെയും ഇടപെടലിനെ തുടർന്നാണ് ആർഭാടങ്ങളൊഴിവാക്കി ജനകീയ പിന്തുണയോടെ ജലോത്സവത്തിന് അംഗീകാരം കിട്ടിയത്. 2016ലെ സമ്മാനത്തുകയാണ് ഇത്തവണ നൽകുക.
പവലിയൻ ഉദ്ഘാടനത്തിന്റെ ഭാഗമായി ഡിടിപിസിയുടെ നേതൃത്വത്തിൽ എടപ്പാൾ വിശ്വനും ടീമും നയിക്കുന്ന ഗാനമേളയും അരങ്ങേറും.മത്സരത്തിന് മുന്നോടിയായി തുഴച്ചിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്.
രാവിലെ ആറു മണി മുതൽ എട്ട് വരെയും വൈകിട്ട് അഞ്ചു മണിക്ക് ശേഷവുമാണ് പരിശീലനം നടക്കുന്നത് .ഇത്തവണ 23 വള്ളങ്ങളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.