എടക്കര: വഴിക്കടവിലും പരിസര പ്രദേശങ്ങളിലും കാരാക്കോടൻ പുഴ കരകവിഞ്ഞ് വെള്ളം ഇരച്ചു കയറിയത് മലയോര മേഖലയെ വീണ്ടും ഭീതിയിലാക്കി. നൂറോളം വീടുകളിൽ വെള്ളം കയറി. താഴ്ന്ന മേഖലകളിൽ താമസിക്കുന്ന നിരവ ധി കുടുംബങ്ങളെ മാറ്റിപ്പാ ർപ്പിച്ചു.
ഗുഡല്ലൂരിന് താഴെ നാടുകാണിയിലും വഴിക്കടവ്, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. തമിഴ്നാടിന്റെ വനാന്തരങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും കാരണമാവാമെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ നാലോടെയാണ് കാരക്കോടൻ പുഴയിൽ വെള്ളമുയർന്നത്. പുഴയുടെ ശക്തമായ ഇരമ്പലും അസാധാരണമായ ശബ്ദവും കേട്ട് പലരും ഞെട്ടിയുണരുകയായിരുന്നു. കുതിച്ചെത്തുന്ന മലവെള്ളം കണ്ട് അവർ വീടുവിട്ട് ഇറങ്ങിയോടുകയും ഫോണിലൂടെ മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
വെള്ളക്കെട്ട, പുന്നയ്ക്കൽ, നെല്ലിക്കുത്ത്, പഞ്ചായത്തങ്ങാടി, വഴിക്കടവ് ടൗൺ, പാലാട്, മുണ്ട, മണിമൂളി എന്നിവിടങ്ങളിലായി നൂറോളം വീടുകളിൽ വെള്ളം കയറി. ഫർണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളുമെല്ലാം ഒലിച്ചു പോയി. കാരക്കോടൻ പുഴയ്ക്കു കുറുകെയുള്ള മുണ്ട വരക്കുളം ആരോഗ്യകേന്ദ്രം, റോഡ്, പാലം എന്നിവ വെള്ളത്തിനടിയിലായി.
പുന്നപ്പുഴയിലും ജലവിതാനം ക്രമാതീതമായി ഉയർന്നത് ജനങ്ങളെ ആശങ്കയിലാക്കി.പുന്നപ്പുഴ കര കവിഞ്ഞതോടെ മുപ്പിനി, മുട്ടിക്കടവ് പാലങ്ങളിലും വെള്ളം കയറി. പാലത്തിന്റെ കൈവരികളിലും പില്ലറുകളിലും ഒഴുകിയെത്തിയ മരച്ചില്ലകളും മറ്റും വന്നടിഞ്ഞിട്ടുണ്ട്.