പൊന്നാനി: ആവേശം അലതല്ലിയ പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ പുറങ്ങ് ഫിറ്റ്വെൽ സ്പോർട്സ് ക്ലബ്ബിന്റെ കായൽ കുതിരയ്ക്ക് കിരീടം. ചൈതന്യ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ കെട്ടുകൊമ്പനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് കായൽ കുതിര കപ്പിൽ മുത്തമിട്ടത്. പുളിക്കകടവ് കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ക്ലബ്ബിന്റെ പറക്കുംകുതിര മൂന്നാംസ്ഥാനം നേടി. മൈനർ വിഭാഗത്തിൽ എം.എം.നഗർ യുവ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ യുവരാജ മുന്നിൽ നിന്ന് നയിച്ച് കിരീടത്തിൽ മുത്തമിട്ടു. യുവ ശ്രീ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ പടവീരൻ രണ്ടാം സ്ഥാനവും പുഴമ്പ്രം ഭാവനവുടെ പാർത്ഥസാരഥി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേജർ മൈനർ വിഭാഗങ്ങളിലായി 23 ടീമുകൾ പങ്കെടുത്തു. പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവിടങ്ങളിൽ നിന്നായി പത്ത് മേജർ വള്ളങ്ങളും പതിമൂന്ന് മൈനർ വള്ളങ്ങളുമാണ് മത്സരിച്ചത്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണിതങ്ങൾ, തഹസിൽദാർ പി. അൻവർ സാദത്ത്, ഡി.ടി.പി.സി.അംഗം പി.വി.അയ്യൂബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.