മലപ്പുറം: പ്രളയാനന്തര രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. ഈമാസം ഇതുവരെ 29 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ഒമ്പതെണ്ണം സ്ഥിരീകരിച്ചു. നാലുപേർ എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചു. കൊണ്ടോട്ടിയിൽ 33കാരനും ഈഴവത്തിരുത്തിയിൽ 43കാരനും നെടുവയിൽ 36കാരിയും ഒതുക്കുങ്ങലിൽ 42കാരിയുമാണ് മരിച്ചത്. പ്രളയാനന്തരം ഏറ്റവും കൂടുതൽ ഭയപ്പെട്ടതും എലിപ്പനിയുടെ വ്യാപനമാണ്. പ്രളയത്തിൽ വെള്ളക്കെട്ടിൽ ഇറങ്ങിയവരും വീട്ടിൽ വെള്ളം കയറിയവരും ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ടവരും നിർബന്ധമായും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഡോക്സിസൈക്ലിൻ വിതരണത്തിനായി പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങിയിരുന്നെങ്കിലും പ്രതിരോധ ഗുളികകൾ പലയിടങ്ങളിലും ജനങ്ങൾ കഴിക്കാതിരുന്നതും വിനയായി. ഗുളിക കഴിക്കാത്തവരാണ് പിന്നീട് പനി ലക്ഷണവുമായി ആശുപത്രികളിൽ എത്തിയതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
കഴിഞ്ഞ വർഷം ജില്ലയിൽ 218 എലിപ്പനി കേസുകളുണ്ടായപ്പോൾ എട്ട് പേരാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാത്രം നാല് മരണങ്ങളുണ്ടായി.