എടപ്പാൾ: എടപ്പാൾ മേൽപ്പാല നിർമ്മാണ പ്രവർത്തികളുടെ വേഗം കുറഞ്ഞതായി ആക്ഷേപം. ആദ്യഘട്ടത്തിൽ വളരെ വേഗത്തിൽ പുരോഗമിച്ച പ്രവർത്തനങ്ങളാണ് നിലവിൽ മന്ദഗതിയിലായത്. തൃശ്ശൂർ റോഡിലെ പൈലിങ്ങ് പ്രവർത്തികൾക്ക് ശേഷം കുറ്റിപ്പുറം റോഡിലേക്ക് മാറിയതോടെയാണ് പ്രവർത്തികൾക്ക് വേഗം കുറഞ്ഞത്. പൈലിങ്ങിനിടെ കണ്ടെത്തിയ വലിയ പാറകൾ പ്രവർത്തനങ്ങൾക്ക് തടസ്സമായി. വിവിധ സൗകര്യങ്ങളൊരുക്കി പൈലിങ്ങ് തുടരുന്നതിനിടെയാണ് ഉപകരണത്തിൽ തകരാർ സംഭവിച്ചത്. ഇതോടെ ഇവിടത്തെ പൈലിങ്ങ് നിർത്തിവെക്കുകയായിരുന്നു.
ഇതോടെ തൃശ്ശൂർ റോഡിലെ അവശേഷിക്കുന്ന ജോലികളിലേക്ക് നീങ്ങി.എന്നാൽ പെട്ടന്നുണ്ടായ പ്രകൃതിക്ഷോഭം മൂലം ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചതോടെ രൂപപ്പെട്ട എം ഡാൻസ്, മെറ്റൽ ക്ഷാമവും നിർമ്മാണത്തെ ബാധിച്ചതായും സൂചനയുണ്ട്. പില്ലറുകളുടെ കോൺക്രീറ്റിംഗിന് ആവശ്യമായ മെറ്റലും എം സാന്റും മാത്രമാണ് ശേഖരിച്ചു വെച്ചിരുന്നത്. അവശേഷിക്കുന്നത് ആവശ്യനുസരണം എത്തിക്കാനായിരുന്നു പദ്ധതി. തൃശ്ശൂർ റോഡിൽ പാലത്തിനാവശ്യമായ തൂണുകൾക്കായി കമ്പികെട്ടി കോൺക്രീറ്റിന് സജ്ജമായി നിൽക്കുകയാണിപ്പോൾ.അതേസമയം ശേഷിക്കുന്ന പില്ലറുകളുടെ കോൺക്രീറ്റ് ആവശ്യമായ മെറ്റീരിയൽസ് സ്റ്റോക്കുള്ളതായും പൈലിങ്ങിനായി പുതിയ യന്ത്രം അടുത്ത ദിവസം എത്തുമെന്നും ശേഷിക്കുന്ന പൈലിംഗ് ഉടൻ പൂർത്തിയാക്കുമെന്നും കരാർ കമ്പനി ഉദ്യോഗസ്ഥർ പറയുന്നു.