പൊന്നാനി: സർക്കാർ ആതുരാലയങ്ങളിൽ വേറിട്ട ഇടപെടൽ സാധ്യമാക്കിയ പൊന്നാനി മാതൃശിശു ആശുപത്രി മികവിന്റെ വഴിയിലൂടെ മുന്നോട്ടുപോകാൻ പൊതുസമൂഹത്തിന്റെ പിന്തുണ തേടുന്നു. സർക്കാർ സംവിധാനങ്ങൾക്കു പുറമെ ആശുപത്രിയുടെ സൗന്ദര്യവത്ക്കരണത്തിനും സൗകര്യ വികാസത്തിനുമാണ് പൊതുസമൂഹത്തിന്റെ കൈത്താങ്ങ് ആവശ്യപ്പെടുന്നത്. പ്രവാസി കൂട്ടായ്മകളും വിവിധ സന്നദ്ധ സംഘടനകളും ആശുപത്രിയുടെ സൗകര്യങ്ങളിലേക്ക് കൈയ്യഴഞ്ഞ് സഹായങ്ങളെത്തിച്ചിട്ടുണ്ട്. ഇനിയും ആവശ്യങ്ങൾ ഏറെയാണ്. സർക്കാർ സംവിധാനങ്ങളിലെ സ്വാഭാവിക കാലതാമസത്തിന് കാത്തുനിൽക്കാതെ ചികിത്സ തേടിയെത്തുന്നവർക്ക് വേഗത്തിൽ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യം മുന്നിൽവെച്ചാണ് പൊതുസമൂഹത്തിന്റെ സഹായങ്ങൾ തേടുന്നത്.
ആശുപത്രി സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൊന്നാനിയിലെ സിവിൽ സർവീസ് പരീക്ഷ പരിശീലന കേന്ദ്രമായ ഐ.സി.എസ്.ആർ വിവിധ പദ്ധതികളുമായി രംഗത്തുവന്നിട്ടുണ്ട്. ആശുപത്രിയിലെ കുട്ടികളുടെ വാർഡ് ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്ന പ്രവൃത്തി ആദ്യഘട്ടം പൂർത്തിയാക്കി. കിളികളും മരങ്ങളും വീടുകളും ഉൾപ്പെടുന്ന പത്തോളം ചിത്രങ്ങൾ വാർഡിന്റെ ചുമരിൽ പതിച്ചു. കാർട്ടൂൺ കഥാപാത്രങ്ങൾ അടങ്ങുന്ന ചിത്രങ്ങൾ തയ്യാറാകുന്നുണ്ട്. ആശുപത്രിക്ക് മുന്നിൽ പൂന്തോട്ടമൊരുക്കുന്ന പദ്ധതിയും ഐ.സി.എസ്.ആറാണ് ഏറ്റെടുത്തിരിക്കുന്നത്. മഴയിലും വെയിലിലും പുഷ്പിക്കുന്ന പൂക്കൾ കൊണ്ടാണ് പൂന്തോട്ടമൊരുക്കുന്നത്. ഇതിന്റെ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുടെ വശങ്ങളിലായി ഔഷധ ഉദ്യാനവും ഒരുക്കും.
ആശുപത്രി പ്ലാസ്റ്റിക് മുക്തമാക്കുകയെന്നത് വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. അഡ്മിറ്റ് ചെയ്തവർക്കായി കൊണ്ടുവരുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കരുതെന്നത് കർശനമായാണ് നടപ്പാക്കുന്നത്. പരിശോധനയ്ക്ക് ശേഷമാണ് ഭക്ഷണം വാർഡുകളിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഈമാസം ആദ്യം മുതലാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി തുടങ്ങിയത്. 75 ശതമാനം പ്ലാസ്റ്റിക് മാലിന്യത്തിൽ കുറവ് വരുത്താൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. ഭക്ഷണം വാങ്ങാൻ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് കൂട്ടിരിപ്പുകാർക്ക് ആശുപത്രി അധികൃതർ നൽകുന്നത്. ഇവ അടിയന്തിരമായി ഉണ്ടാകേണ്ട ആവശ്യങ്ങൾ ഏറെയാണ്. ആശുപത്രിയിലെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന മാപ്പ് അനിവാര്യമാണ്. ചികിത്സ തേടിയെത്തുന്നവർക്ക് വഴികാട്ടാൻ അടയാള ബോർഡുകളും അനിവാര്യമാണ്.
അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്താൻ ഓരോ ഡിപ്പാർട്ടുമെന്റിലും സൗകര്യമൊരുക്കണം. വലിയ ചിലവില്ലാതെ സാധ്യമാക്കാനാകുന്ന ഈ സൗകര്യങ്ങൾക്ക് സ്പോൺസർമാരെ കണ്ടെത്താനായാൽ ചികിത്സ തേടിയെത്തുന്നവർക്ക് ഏറെ ഗുണകരമാവും. ആശുപത്രിയിലെ വികേന്ദ്രീകൃത ശബ്ദസംവിധാനത്തെ ഉപയോഗപ്പെടുത്തി ലഘുസംഗീതം പുറത്തുവിടുന്ന സാഹചര്യം സൃഷ്ടിക്കണമെന്ന ആവശ്യവുമുണ്ട്.
പരിഹരിക്കണം
ഇവയെല്ലാം
പ്രസവമുറി, ഓപ്പറേഷൻ തിയേറ്റർ, നവജാത ശിശുവിന്റെ വിവിധ പരിശോധന കേന്ദ്രങ്ങൾ എന്നിവയുടെ പുറത്ത് കാത്തിരിക്കുന്നവർക്ക് ഇരിപ്പിടങ്ങളുടെ കുറവ് ഗണ്യമായുണ്ട്. വാർഡുകളിൽ കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ യാതൊന്നുമില്ല. അമ്മയുടേയും കുഞ്ഞിന്റെയും ലഗേജുകൾ സൂക്ഷിക്കാൻ സൗകര്യമില്ല. വാർഡുകളിൽ ഷെൽഫുകൾ അടിയന്തിരമായി ആവശ്യമാണ്. പ്രസവാനന്തരം കിടക്കുന്ന വാർഡിൽ കട്ടിലുകൾ വേർതിരിക്കാൻ കർട്ടൻ റെയ്ലുകളുണ്ടെങ്കിലും പലയിടത്തും കർട്ടനില്ല. കുഞ്ഞുങ്ങൾക്ക് മുലയൂട്ടുമ്പോൾ മറപിടക്കാൻ കർട്ടനുകൾ അനിവാര്യമാണ്. സർക്കാറിൽ നിന്ന് അനുമതി ലഭിച്ച് ഇക്കാര്യങ്ങൾ സാധ്യമാകുന്നതിന് ഏറെ കാത്തിരിക്കേണ്ടി വരും.