നിലമ്പൂർ: കാലിൽ കമ്പിക്കുരുക്ക് മുറുകി പുഴുവരിച്ച് അറ്റുവീഴാറായ കാലുമായി നരകയാതന അനുഭവിച്ച നായയ്ക്ക് രക്ഷകരായി എമർജൻസി റെസ്ക്യൂ ഫോഴ്സ് പ്രവർത്തകർ. വടപുറത്ത് ചെനക്കൽ ചെറിയുടെ വീട്ടിൽ അഭയം തേടിയ തെരുവുനായയ്ക്കാണ് ദുരവസ്ഥ നേരിടേണ്ടിവന്നത്. ദിവസങ്ങളുടെ പഴക്കം മറിവുകൾക്കുള്ളതിനാൽ പുഴുവരിച്ച് കാൽഅറ്റുപോവുന്ന അവസ്ഥയിൽ ആയിരുന്നു. മുറിവിനുള്ളിലെ കമ്പിക്കുരുക്ക് മുറിച്ച് മാറ്റേണ്ടുള്ളതിനാൽ നായയെ മയക്കുന്നതിനായി വടപുറം വെറ്റിനറി ആശുപത്രിയിൽ വിവരമറിയിക്കുകയും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ.സതീഷെത്തി നായയെ ഇൻജക്ഷൻ നൽകി മയക്കിയശേഷം എമർജൻസി റെസ്ക്യുഫോഴ്സ് പ്രവർത്തകരുടെ സഹായത്തോടെ കേബിൾകമ്പി മുറിച്ചുമാറ്റി. തുടർന്ന് കാലിലേയും കഴുത്തിൽ കണ്ട മുറിവിലേയും പുഴുക്കളെ എടുത്തു കളഞ്ഞ് മുറിവ് ശുദ്ധീകരിച്ചു മരുന്നു വെച്ച് കെട്ടിവെയ്ക്കുകയായിരുന്നു. ഷഹബാൻ മമ്പാട്, കെ.എം.അബ്ദുൽ മജീദ്, ടി.നജ്മുദ്ദീൻ നേതൃത്വം നൽകി.