എടപ്പാൾ: ഒറ്റവിരൽ കൊണ്ട് പിയാനോയിൽ വിസ്മയം തീർക്കുകയാണ് എറവറാംകുന്ന് സ്വദേശിയായ ഷാഹിർ എന്ന ഭിന്നശേഷി കലാകാരൻ. ചങ്ങരംകുളത്തിനടുത്ത് എറവറാംകുന്ന് സ്വദേശിയായ തെക്കത്ത് വളപ്പിൽ സൈയ്ത് സുബൈദ ദമ്പതികളുടെ മകനായ 27കാരൻ ഷാഹിറാണ് തന്റെ ശാരീരിക വൈകല്ല്യങ്ങളെ അതിജീവിച്ച് കഴിഞ്ഞ 15വർഷമായി പിയാനോ വായനയിൽ വിസ്മയം തീർക്കുന്നത്.
സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത ഷാഹിറിന് ആരും പിയാനോ വായന പഠിപ്പിച്ചിട്ടില്ല. കുട്ടികളുടെ പിയാനോ വാങ്ങി മനോഹരമായി വായിക്കുന്നത് കണ്ടാണ് സഹോദരൻ സൈനുദ്ധീൻ വിദേശത്ത് നിന്ന് ഷാഹിറിന് പിയാനോ എത്തിച്ച് നൽകിയത്. ഏത് ഗാനവും ഒറ്റ തവണ കേട്ടാൽ തന്നെ വഴങ്ങുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ പോലും കഴിക്കാൻ കഴിയാത്ത ഷാഹിറിന് പുറത്ത് പോവണമെങ്കിൽ വീൽ ചെയറിന്റെയും സുഹൃത്തുക്കളുടെയും സഹായം വേണം.
അതുകൊണ്ട് തന്നെ ഈ അത്ഭുത കലാകാരന്റെ കഴിവ് പുറംലോകത്തെത്തിക്കാൻ ആർക്കും ഇത് വരെ കഴിഞ്ഞിട്ടുമില്ല.അടുത്തിടെ നാട്ടിൻ പുറത്ത് പൊതുപരിപാടികളിൽ സുഹൃത്തുക്കൾ ചേർന്ന് എത്തിക്കുമ്പോഴാണ് ഈ നിശബ്ദ കലാകാരന്റെ കഴിവുകൾ നാട്ടുകാർ പോലും അറിയുന്നത്.
കഴിഞ്ഞ ദിവസം ചിയ്യാനൂരിൽ നടന്ന ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യാൻ സംഘാടകർ ഷാഹിറിനെയാണ് ക്ഷണിച്ചത്.പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഷാഹിറിനെ സംഘാടകർ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.ഷാഹിറിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് റിയാലിറ്റിഷോയിൽ പങ്കെടുക്കുക എന്നത്.അതിനായി സഹായം തേടുകയാണ് ഈ ഒറ്റ വിരലിൽ വിസ്മയം തീർക്കുന്ന ഭിന്നശേഷി കലാകാരൻ.