മലപ്പുറം : ജില്ലയിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തമായി തുടർന്നിരുന്ന സാഹചര്യത്തിൽ നിറുത്തിവച്ച ക്വാറികളിൽ 14 ക്വാറികൾ ഒഴികെയുള്ളവയ്ക്ക് ഇന്നുമുതൽ പ്രവർത്തനാനുമതി നൽകിയതായി ജില്ലാകളക്ടർ ജാഫർ മാലിക് അറിയിച്ചു.
ക്വാറിയുടെ സമീപത്ത് കൂട്ടിയിരിക്കുന്ന ക്വാറി വേസ്റ്റുകളും മറ്റും ഒലിച്ചിറങ്ങി ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയ എട്ടു ക്വാറികൾക്കും ചെക്കുന്ന് മലയിൽ വിള്ളൽ രൂപപ്പെട്ടതിനാൽ പ്രദേശത്തെ ആറു ക്വാറികൾക്കുമാണ് പ്രവർത്തനാനുമതിയില്ലാത്തത്. പ്രളയനാന്തരം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം പരിശോധനിക്കാൻ നിയോഗിച്ച ടീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ പരിശോധനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും അതുവരെ പ്രവർത്തനാനുമതിയില്ലാത്ത ക്വാറികളിൽ നിരോധനം തുടരുന്നതുമാണെന്നും കലക്ടർ അറിയിച്ചു.
എടയൂർ, കണ്ണമംഗലം, മൊറയൂർ, കാര്യവട്ടം, മങ്കട, പുള്ളിപ്പാടം, ആനക്കയം, മഞ്ചേരി, ഊർങ്ങാട്ടിരി,വെറ്റിലപ്പാറ, പെരകമണ്ണ വില്ലേജുകളിലെ ക്വാറികൾകാണ് പ്രവർത്തനാനുമതിയില്ലാത്തത്.