തിരൂരങ്ങാടി:കടലുണ്ടിപ്പുഴയിലെ മൂന്നിയൂർ ചുഴലി മണാലക്കടവിൽ നിന്ന് രാത്രിയുടെ മറവിൽ മണൽ കടത്തിയ തോണി നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി പൊലീസിലേൽപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കടലുണ്ടിപ്പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്ക്വാഡ് വർക്കിനിടെയാണ് പുഴയിൽ തോണിയിലെത്തി മണൽ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തിരൂരങ്ങാടി എസ്.ഐ. നൗഷാദ് ഇബ്രാഹീമിന്റെ നേതൃത്വത്തിൽ പോലീസെത്തി തോണി കസ്റ്റഡിയിലെടുത്തു.തോണിയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. മണൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തോണി തകർത്തു.
കടലുണ്ടിപ്പുഴയിൽനിന്നുള്ള മണൽക്കടത്ത് കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് വർക്ക് തുടരുമെന്ന് കടലുണ്ടിപ്പുഴ സംരക്ഷണസമിതി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽപാറ, കൺവീനർ സി.എം. മുഹമ്മദ് എന്നിവർ അറിയിച്ചു.