നിലമ്പൂർ: റെയിൽവേ വികസനത്തിനായി നാളെ തിരുവനന്തപുരത്ത് നടത്തുന്ന എം.പിമാരുടെ യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് നിലമ്പൂർ. മലയോരമേഖലയുടെ പ്രതിച്ഛായമാറ്റുന്ന നിരവധി പദ്ധതികളും അധികൃതർ പച്ചക്കൊടി കാട്ടുന്നതും കാത്ത് ഫയലിലുറങ്ങുന്നുണ്ട്. നിലമ്പൂർ- നഞ്ചൻകോട് പാത, രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലേക്ക് നീട്ടൽ എന്നിവയാണ് ഇതിൽ പ്രധാനം.
ബ്രിട്ടീഷുകാരുടെ കാലത്തേ ആലോചനയിലുള്ള പദ്ധതിയാണ് നിലമ്പൂർ- നഞ്ചൻകോട് റെയിൽപാത. മുൻ സർക്കാരിന്റെ കാലത്ത് പാതി നിർമ്മാണച്ചെലവ് വഹിക്കാമെന്ന് റെയിൽവേയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. നിർമ്മാണച്ചെലവ് 6000 കോടിയായി നിശ്ചയിച്ച പദ്ധതി ബഡ്ജറ്റിലും ഇടം നേടി. വിശദപദ്ധതി രേഖ തയ്യാറാക്കാൻ മെട്രോമാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തി. 236 കിലോമീറ്ററിന് പകരം 162 കിലോമീറ്ററിൽ പാത പണിയാമെന്നും 3500 കോടിയേ ചെലവാകൂ എന്നും ശ്രീധരന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ബന്ദിപ്പൂർ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ 11 കിലോമീറ്റർ ഭൂഗർഭപാതയാക്കാമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. എന്നാൽ ഇ. ശ്രീധരൻ ലാഭകരമാകില്ലെന്നു റിപ്പോർട്ടു നൽകിയ തലശേരി- മൈസൂർ പാതയ്ക്കാണ്പുതിയ സർക്കാർ മുൻഗണന നൽകിയത്. എം.പിമാരുടെ യോഗത്തിൽ നിലമ്പൂർ- നഞ്ചൻകോട് പാതയ്ക്കായി മുറവിളിയുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ- നഞ്ചൻകോട്റെയിൽവേ ആക്ഷൻ കൗൺസിൽഈ ആവശ്യമുന്നയിച്ച് ഏറെ കാലമായി രംഗത്തുണ്ട്. കൂടുതൽ പ്രയോഗികവും പ്രയോജനപ്രദവുമായ പദ്ധതിയെന്ന നിലയിൽ നഞ്ചൻകോട് പാത യാഥാർത്ഥ്യമാക്കണമെന്നാണ് കൗൺസിലിന്റെ ആവശ്യം
മംഗലാപുരം-ഷൊർണൂർ പാത വൈദ്യുതീകരിച്ച് രണ്ട് വർഷമായിട്ടും ജില്ലയിൽ മെമു വണ്ടി അനുവദിച്ചിട്ടില്ലെന്നതും യോഗത്തിൽ ചർച്ചയാവും. തീവണ്ടികളുടെ വൈകിയോട്ടം ശരാശരി അഞ്ചു മിനിറ്റിൽ താഴെയാക്കുമെന്ന റെയിൽവേയുടെ മുൻ വാഗ്ദാനം പാലിക്കപ്പെടാനും എം.പിമാരുടെ ഇടപെടൽ ആവശ്യമാണ്.സംസ്ഥാനത്തെ ലോക്സഭ, രാജ്യസഭാ എം.പിമാരും മംഗലാപുരം, തിരുനൽവേലി, കന്യാകുമാരി എം.പിമാരും യോഗത്തിൽ പങ്കെടുക്കും.
നഞ്ചൻകോട്
പാത വന്നാൽ...
വ്യവസായ, ടൂറിസം, ഐ.ടി മേഖലകളിൽ വൻകുതിച്ചുചാട്ടത്തിനു വഴിയൊരുക്കും.
ബാംഗ്ലൂർ, മൈസൂർ, കൊച്ചി, കോയമ്പത്തൂർ എന്നീ നഗരങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കും.
രണ്ട് ഐ.ടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത ദക്ഷിണേന്ത്യയുടെ ഐ.ടി ഇടനാഴിയായി മാറും.
കൊങ്കൺ പാതയ്ക്ക് സമാന്തര പാതയായും ഉപയോഗിക്കാം.
വല്ലാർപാടം, വിഴിഞ്ഞം തുറമുഖങ്ങളിലേക്ക് ചരക്കുനീക്കത്തിലൂടെ മാത്രം പാത ലാഭകരമാകുമെന്നാണ് ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ പറയുന്നത്.
നീട്ടണം
നിലമ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസ് സ്വതന്ത്ര ട്രെയിനാക്കി മാറ്റിയതോടെ നിലവിൽ കൊച്ചുവേളിയിലാണ് ഓട്ടം അവസാനിപ്പിക്കുന്നത്.
ആർ.സി.സിയിലേക്ക് അടക്കമുള്ള യാത്രക്കാർ പുലർച്ചെ കൊച്ചുവേളിയിൽ നിന്നും നഗരത്തിലേക്ക് പോകാൻവലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
തിരുവനന്തപുരംസെൻട്രൽ വരെ ട്രെയിൻ നീട്ടണമെന്ന ആവശ്യം ശക്തമാണ്.