മലപ്പുറം: പരീക്ഷയിൽ മാർക്ക് കുറയുമെന്നു പേടിച്ച് ഒമ്പതാംക്ലാസുകാരൻ മെനഞ്ഞ തട്ടിക്കൊണ്ടുപോകൽ കഥ കേട്ട് യുവാക്കളെ ആൾക്കൂട്ടം ക്രൂരമായി തല്ലിച്ചതച്ചു. നുണക്കഥ പൊളിഞ്ഞതോടെ, യുവാക്കളെ ആക്രമിച്ച സംഭവത്തിൽ ഓമാനൂർ സ്വദേശികളായ മൂന്നു പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 40 പേർക്കെതിരെ കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കൊണ്ടോട്ടി കുറുപ്പത്ത് സഫറുള്ള, ചീരോത്ത് റഹ്മത്തുള്ള എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ണൻതൊടി ഫൈസൽ (43), കൂനുമ്മൽ ദുൽഫുഖർ അലി (24), മണിപ്പാട്ടിൽ മുഅതസ്ഖാൻ(23) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ സ്കൂളിലേക്കു പോകാൻ ബസ് കാത്തു നിന്ന തന്നെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും കുതറിയോടി രക്ഷപ്പെട്ടതാണെന്നും പതിന്നാലുകാരൻ നാട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. സംഘടിച്ചെത്തിയ നാട്ടുകാർ സിസി ടിവി പരിശോധിച്ചപ്പോൾ ആ സമയം അതുവഴി കടന്നുപോയ ഒരു കാർ കുട്ടി കാട്ടിക്കൊടുത്തു. തുടർന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിൽ കാറിന്റെ ചിത്രം അതിവേഗം പ്രചരിച്ചു. ഓമാനൂരിൽ വച്ച് ആൾക്കൂട്ടം കാർ തടഞ്ഞു നിറുത്തി യുവാക്കളെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. കാർ തല്ലിത്തകർത്തു.
പൊലീസിനൊപ്പം യുവാക്കളെ വിട്ടയയ്ക്കാൻ തയ്യാറാകാതിരുന്ന നാട്ടുകാർ പൊലീസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ആക്രമണത്തിനിരയായ യുവാക്കൾ നിരപരാധികളെന്നു തിരിച്ചറിഞ്ഞ് തടയാനെത്തിയ യാത്രക്കാരനെയും സംഘം മർദ്ദിച്ചു. സിസി ടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമെന്നു തെളിഞ്ഞത്. സംഭവത്തിന് സാദ്ധ്യത കുറവാണെന്ന് ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കിയ പൊലീസ്, വിദ്യാർത്ഥിയെ വിശദമായി ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്തായി.
പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വീട്ടുകാർ വഴക്ക് പറയുമെന്നു പേടിച്ചാണ് നുണക്കഥ മെനഞ്ഞതെന്ന് ഒൻപതാം ക്ളാസുകാരൻ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് യുവാക്കളെ മർദ്ദിച്ചവർക്കെതിരെ പൊലീസ് കേസെടുത്തത്. വധശ്രമം, കലാപം സൃഷ്ടിക്കൽ, ആക്രമണത്തിന് സംഘം ചേരൽ, വാഹനം തകർക്കൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കുടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു