മലപ്പുറം: സാമൂഹ്യപരിഷ്‌കർത്താവു കൂടിയായ പത്രാധിപരായിരുന്നു പത്രാധിപർ കെ. സുകുമാരനെന്ന് കവി മണമ്പൂർ രാജൻ ബാബു പറഞ്ഞു. കേരളകൗമുദി മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പത്രാധിപർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അതിശക്തമായ നിലപാടുകളാണ് പത്രാധിപർ സ്വീകരിച്ചത്. ജനനന്മയും ധാർമ്മികതയുമല്ലാതെ മറ്റൊന്നും ഈ നിലപാടുകളെ സ്വാധീനിച്ചില്ല. വാണിജ്യതാത്പര്യങ്ങൾ തെല്ലും പരിഗണിക്കാതെ സത്യസന്ധമായ നിലപാടുകൾ ഉയർത്തിപ്പിടിച്ച പത്രാധിപരുടെ ധീരതയാണ് കേരളകൗമുദിയെ മറ്റു പത്രങ്ങളിൽ നിന്ന് വേർതിരിച്ചു നിറുത്തിയതും മുന്നോട്ടു നയിച്ചതും. സമൂഹനന്മയിൽ ഊന്നിയ സുശക്തമായ നിലപാടുകളുമായി പ്രസിദ്ധീകരിക്കപ്പെട്ട കുറിക്കുകൊള്ളുന്ന എഡിറ്റോറിയലുകൾ ആ ധീരതയുടെ പ്രതിഫലനമായി. ഭരണകൂടങ്ങളുടെ തെറ്റായ നിലപാടുകൾക്കെതിരെ തിരുത്തൽ ശക്തിയായി നിലകൊള്ളാനും പത്രാധിപർക്കായി. കൊളത്തൂർ പ്രസംഗം ഇതിന് ഉദാഹരണമാണ്. നിർഭയത്വവും ധീരതയുമായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവർത്തനത്തിന്റെ മുഖമുദ്ര.- മണമ്പൂർ രാജൻ ബാബു പറഞ്ഞു.
കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം മലപ്പുറം യൂണിയൻ സെക്രട്ടറി സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പരസ്യ മാനേജർ സുമോദ് കാരാട്ടുതൊടി നന്ദി പറഞ്ഞു. പത്രാധിപരുടെ ച്ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.