പെരിന്തൽമണ്ണ: കൂട്ടിലങ്ങാടിപ്പുഴയുടെ കൈവഴിയായ ചെറുപുഴ പേരുപോലെ ചെറുതാവുകയാണ്. കൈയേറ്റവും പുഴയിൽ മണൽതിട്ടകൾ രൂപപ്പെടുന്നതും പുഴയെ ചുരുക്കുന്നു.
അങ്ങാടിപ്പുറം ഏറാന്തോട് പൂന്താനം നഗറിന് സമീപം ചിറയ്ക്ക് താഴെ ഒരു ഭാഗത്ത് മണൽതിട്ട രൂപപ്പെട്ട് കൈത്തോടിന്റെ അവസ്ഥയിലായിട്ടുണ്ട് പുഴ. ഇവിടെ പാലത്തിന് താഴെ ഭാഗത്തും സമാനരീതിയിൽ പുഴ ചുരുങ്ങി. ഇത് ഒഴുക്കിനെ ബാധിച്ചതിനാൽ പ്രളയകാലത്ത് ഗതിമാറിയൊഴുകി പൂന്താനംനഗറിലെ വീടുകളിൽ വൻതോതിൽ വെള്ളം കയറിയിരുന്നു.
വരൾച്ചയിൽ നിന്ന് രക്ഷപ്പെടാൻ പാറക്കടവിലും ഓരാടൻപാലത്തിന് താഴെ ചെരക്കാപറമ്പിലും നിർമ്മിച്ച തടയണകളിലും വെള്ളം സംഭരിച്ച് നിറുത്താനാവുന്നില്ല. അഞ്ച് വർഷം മുമ്പ് നിർമ്മിച്ച പാറക്കടവിലെ തടയണയിൽ ഇപ്പോൾ പകുതിയോളം ഭാഗവും മണലടിഞ്ഞ നിലയിലാണ്.
ശുഷ്കമായ തോതിൽ സംഭരിക്കപ്പെടുന്ന വെള്ളം വേനലിന് മുമ്പായി വറ്റും. ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച തടയണ പ്രയോജനപ്രദമാവണമെങ്കിൽപാറക്കടവ് മുതൽ ഏറാന്തോട് പൂന്താനം നഗർ ചിറവരെയുള്ള മണൽതിട്ടകൾ ഇല്ലാതാക്കുകയും കൈയേറ്റങ്ങളൊഴിപ്പിക്കുകയും വേണം. കൂടാതെ ഓരാടൻപാലം മുതൽ പാറക്കടവ് വരെയുള്ള അനധികൃത കൈയേറ്റമൊഴിപ്പിച്ച് പുഴ പൂർവ്വസ്ഥിതിയിലാക്കുകയും വേണം.
പുഴയോരം കൈയേറിയുള്ള കൃഷിയും നിർമ്മാണപ്രവർത്തനങ്ങളുംപുഴയെ നീർച്ചാലെന്ന വണ്ണം ശോഷിപ്പിച്ചിട്ടുണ്ട്. ഓരാടൻപാലത്തിന് താഴെ പുതിയ തടയണ നിർമ്മിച്ചത് പുഴയുടെ ഒഴുക്കിനെ ബാധിച്ചു. ഇത് പ്രളയകാലത്ത് വലിയ വെള്ളക്കെട്ടിനിടയാക്കി. യഥാർത്ഥത്തിൽ തടയണകൾ നിർമ്മിക്കും മുമ്പ് കൈയേറ്റങ്ങളൊഴിവാക്കി പുഴ പൂർവ്വസ്ഥിതിയിലാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.