മലപ്പുറം : പാചകവാതക സിലിണ്ടർ വിതരണം ചെയ്യുമ്പോൾ ബിൽ നിർബന്ധമായും നൽകണമെന്ന് എ.ഡി.എം എൻ.എം മെഹറലി പറഞ്ഞു. കളക്ടറേറ്റ് സമ്മേളന ഹാളിൽ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിൽ നൽകാത്ത ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കും. ചില ഏജൻസികൾ ബിൽ നൽകുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. ഏജൻസികൾ ബിൽ നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും നൽകാത്തവർക്കെതിരെ പിഴ ചുമത്തൽ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിൽ തുക മാത്രം നൽകിയാൽ മതി
ഉപഭോക്താക്കൾ ബില്ലിൽ രേഖപ്പെടുത്തിയ തുക മാത്രം നൽകിയാൽ മതി. വിതരണ ചാർജ്ജടക്കം ബില്ലിൽ രേഖപ്പെടുത്തണം. അഞ്ചുകിലോമീറ്റർ ചുറ്റളവിൽ സൗജന്യ വിതരണമാണ്. അഞ്ച് മുതൽ 10 കിലോമീറ്റർ വരെ 30 രൂപയും 10 മുതൽ 15 കിലോമീറ്റർ വരെ 35 രൂപയും 15 കിലോമീറ്ററിന് മുകളിൽ 45 രൂപയുമാണ് ചാർജ്ജ്. ഗ്യാസ് ഏജൻസി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ദൂരം കണക്കാക്കുക. ചില ഏജൻസികൾ ഗോഡൗണിൽ നിന്നുള്ള ദൂരം കണക്കാക്കുന്നത് നിയമ വിരുദ്ധമാണെന്ന് ജില്ല സപ്ലൈ ഓഫീസർ കെ.രാജീവ് പറഞ്ഞു.
പാചകവാതക സിലിണ്ടറിൽ തൂക്കക്കുറവ് കാണുന്നതായി ചില ഉപഭോക്താക്കൾ പരാതി നൽകി. സംശയമുള്ള പക്ഷം ഉപഭോക്താക്കൾക്ക് തൂക്കം അളക്കാൻ ആവശ്യപ്പെടാമെന്നും വിതരണക്കാരൻ വാഹനത്തിൽ ത്രാസ് കരുതണമെന്നും സപ്ലൈ ഓഫീസർ പറഞ്ഞു.
ചില അക്കൗണ്ടുകളിൽ സബ്സിഡി തുക ലഭിക്കുന്നില്ലെന്ന പരാതിയും അദാലത്തിൽ ഉയർന്നു.
സുരക്ഷാ പരിശോധന വേണം
ഉപഭോക്താക്കൾ നിർബന്ധമായും സുരക്ഷാ പരിശോധന നടത്തണം.
ഗ്യാസ് ഏജൻസി ജീവനക്കാർ വീടുകളിലെത്തി പരിശോധിക്കും.
അഞ്ച് വർഷത്തിലൊരിക്കൽ പരിശോധന നടത്തിയാൽ മതി.
നികുതിയടക്കം 238 രൂപയാണ് ചാർജ്ജായി നൽകേണ്ടത്.
അപകടം സംഭവിച്ചാൽ സുരക്ഷാ പരിശോധന പൂർത്തിയാക്കിയവർക്ക് മാത്രമാണ് സഹായം ലഭിക്കുക.
പരിശോധനയ്ക്ക് സമ്മതിക്കാതിരുന്ന ഉപഭോക്താവിന് അപകടമുണ്ടായ സംഭവം ജില്ലയിലുണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റിട്ടും പരിശോധന നടത്താതിരുന്നതിനാൽ നഷ്ടപരിഹാരം ലഭിച്ചില്ല.