തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകവിദ്യാർത്ഥികളോട് ജാതിവിവേചനം കാണിച്ചെന്ന പരാതിയിൽ ആരോപണവിധേയരായ അദ്ധ്യാപകരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീറിന്റെ ഉത്തരവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി വിഭാഗം ഗവേഷണ മേൽനോട്ടച്ചുമതലയുള്ള അദ്ധ്യാപികയായ ഡോ.ഷമീനയോടും സമാന ആരോപണം നേരിട്ട മലയാളം വിഭാഗം തലവനായ ഡോ. തോമസ്‌കുട്ടിയോടുമാണ് അവധിയിൽ പോവാൻ വി.സി നിർദ്ദേശിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ ബോട്ടണി വിഭാഗം ഗവേഷകവിദ്യാർത്ഥികളാണ് അദ്ധ്യാപികയിൽ നിന്ന് ജാതിവിവേചനം നേരിട്ടതായി പരാതി നൽകിയത്. ഇവർക്കെതിരെ ഇത്തരത്തിൽ നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ജാതിയുടെ പേരിൽ തങ്ങളെ പലതവണ അധിക്ഷേപിച്ചതായി വിദ്യാർത്ഥികൾ വി.സിക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.

അദ്ധ്യാപികയുടെ പീഡനംമൂലം നേരത്തെ ഒരു വിദ്യാർത്ഥി പഠനം നിറുത്തിയതായും ആരോപണമുണ്ട്. രണ്ട് എം.എസ്‌സി വിദ്യാർത്ഥികളെ ഇവർ തോൽപ്പിച്ചിരുന്നെങ്കിലും പിന്നീട് പുനർമൂല്യനിർണയത്തിൽ ഇവർ വിജയിച്ചു.

അതേസമയം, ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ്, ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ പരാതികളും ഉപസമിതി അന്വേഷിക്കും. ആരോപണവിധേയയായ അദ്ധ്യാപികയെ മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാമ്പസിലെ എസ്.എഫ്‌.ഐ പ്രവർത്തകർ ഇന്നലെ വാഴ്‌സിറ്റി മാർച്ചും വൈസ് ചാൻസലറുടെ ചേംബറിന് മുന്നിൽ സമരവും നടത്തിയിരുന്നു.