arrest

തിരൂരങ്ങാടി: 12 വയസുകാരി ബാലികയെ അഞ്ചുവർഷമായി മാതാപിതാക്കളുടെ ഒത്താശയോടെ നിരന്തരമായി പീഡിപ്പിച്ച കേസിൽ മൂന്നുപേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. 30ലധികം പേർക്കെതിരെ കേസെടുത്തു. കുട്ടിയുടെ പിതാവിന് പുറമേ ചേളാരി ചെനക്കലങ്ങാടിയിലെ കരുമ്പിൽ വീട്ടിൽ ഷൈജു (38), മേലേ ചേളാരി കുടൽകുഴിമാട് വീട്ടിൽ അഷ്റഫ് (36) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മാതാവിനെ പിടികൂടാനായിട്ടില്ല. 30ലധികം പേർ പീഡിപ്പിച്ചതായാണ് കുട്ടി മൊഴി നൽകിയിട്ടുള്ളത്. നിലവിൽ 12 വയസുള്ള കുട്ടിയെ കഴിഞ്ഞ അഞ്ചുവർഷമായി പിതാവിന്റെ സഹായത്തോടെ വീട്ടിൽ വച്ച് സംഘം ചേർന്ന് പീഡിപ്പിച്ചെന്നതാണ് കേസ്. മദ്യപിച്ചെത്തിയാണ് പീഡിപ്പിക്കാറുള്ളത്.കഴിഞ്ഞ ദിവസം കുട്ടി സ്‌കൂൾ അദ്ധ്യാപികയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ട് പ്രതികളെ ശനിയാഴ്ചയും പിതാവിനെ ഇന്നലെയുമാണ് പിടികൂടിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.